Pages

2011, ജൂൺ 6, തിങ്കളാഴ്‌ച

ന്‍റെ ബെര്‍ലിച്ചായാ ...

 എന്നാലും എന്നോടിത് വേണ്ടായിരുന്നു .. അച്ചായനോടുള്ള ആരാധനയും പ്രണയവും മൂത്ത്   പാലായ്ക്കു ടിക്കറ്റ്‌ എടുക്കാന്‍ ഒരുങ്ങിയിരുന്ന എന്നോടിത് വേണ്ടായിരുന്നു ..  ഈ മുംബൈ നഗരത്തില്‍ കണ്ടുമുട്ടിയ മൂന്നു പാലാക്കാര് പിള്ളേരോട്   " ബെര്‍ലിച്ചായന്‍ " എന്ന പേര് പറഞ്ഞത് മാത്രമേ എനിക്കൊര്‍മയുള്ളൂ .. ഇപ്പൊ ഞാന്‍ കിടക്കുന്നത് നവി മുംബൈയിലെ ഒരു ആശുപത്രിക്കിടക്കയിലാണ് ... തലയില്‍ എവിടെയൊക്കെയോ നല്ല വേദനയുണ്ട് .. രാവിലെയെങ്ങാണ്ട് പോയ ബോധം തിരിച്ചുവന്നിട്ട്‌ കുറച്ചു നേരമേ ആയുള്ളൂ .. അടുത്തൊന്നും ആരെയും കാണുന്നില്ല .. ഞായറാഴ്ച ദിവസം അല്പം മീന്‍ വാങ്ങിക്കാമെന്നുകരുതി മാര്‍ക്കറ്റില്‍ പോയ ഞാനാണ് ഈ കിടക്കുന്നത് .. ഇന്ന് രാവിലെ തന്നെ മഴ തുടങ്ങിയിരുന്നു .. മാര്‍ക്കറ്റ് അല്പം ദൂരെയാണ് .. ഒരു ഓട്ടോറിക്ഷ പിടിച്ചു പോയാല്‍ അഞ്ചു മിനിറ്റ് .. മുംബൈയില്‍ എയ്റോപ്ലയിന്‍ കിട്ടാന്‍ ഒരു പാടുമില്ല , പക്ഷെ മഴയത്ത് ഒരു ഓട്ടോറിക്ഷ കിട്ടാന്‍ തപസ്സു ചെയ്യണം ... ഒരു പത്തമ്പത് ആള്‍ക്കാര്‍ അങ്ങനെ വട്ടം കറങ്ങി നില്‍പ്പുണ്ട് ..
പെട്ടെന്ന് കൊള്ളിയാന്‍ പോലെ ഒരു കാറ് പാഞ്ഞു പോയി .. റോഡില്‍ ഉണ്ടായിരുന്ന പുണ്യാഹജലം അല്പം പോലും വേസ്റ്റ് ആകാതെ ഞങ്ങളുടെ മേത്തോട്ടു വീണു .. " ഫ .. പട്ടി ********$$$** മോനേ , ആരടെ അമ്മെ കെട്ടിക്കാന്‍ പോവാടാ ... " നല്ല ശുദ്ധ മലയാളത്തിലുള്ള തെറി കേട്ടാണ് തിരിഞ്ഞുനോക്കിയത്  .. നല്ല നാടന്‍ സ്റ്റയിലില്‍ കൈലി ഒക്കെ ഉടുത്ത മൂന്നു പിള്ളേരാണ് .. ഞാന്‍ റൂമിനുള്ളില്‍ കൈലി ഉടുക്കുമെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പുറത്തു പോകുമ്പോ പ്രവാസി മലയാളികളുടെ അപ്രഖ്യാപിത യൂണിഫോറം ആയ ബര്‍മുഡ ആണ് ധരിക്കാറ് .. എന്നാ ഒന്ന് പരിചയപ്പെട്ടിരിക്കാം എന്ന് കരുതി ഞാന്‍ ചോദിച്ചു " മാര്‍ക്കറ്റിലോട്ടാണോ ?"
ആഹാ മലയാളിയാണോ ചേട്ടാ .. ഞങ്ങളും അങ്ങോട്ടാ ..
പറഞ്ഞു തീരുകേം ഒരു കാലി ഓട്ടോ വന്നു നിക്കുകേം ഒരുമിച്ചായിരുന്നു ..
"ചാടിക്കേറിക്കോ " ഞാന്‍ വിളിച്ചു പറഞ്ഞു .. ഓട്ടോയിലാണേലും ബീവറെജില്‍ ആണേലും ഇടിച്ചു കേറാന്‍ മലയാളികളെ കഴിഞ്ഞേ വേറെ ആളുള്ളൂ .. അവിടെനിന്നിരുന്ന സകല കൊഞ്ഞാണന്‍മാരെയും മണ്ടന്മാരാക്കിക്കൊണ്ട്‌ ഞങ്ങളാ ഓട്ടോയില്‍ ഇടിച്ചുകേറി .. വിശാലമായി ഒന്ന് ഇരിക്കുന്നതിനു മുന്‍പ് വണ്ടി മാര്‍ക്കറ്റില്‍ എത്തി .. തൃശ്ശൂര്‍ പൂരം നടക്കുമ്പോ ആള്‍ക്കാരുടെ നടുക്ക് വച്ച് ഫുള്ള് ഫ്രീ ആയി കൊടുത്താലുള്ള അവസ്ഥയാണ് മാര്‍ക്കറ്റില്‍ ..

"നാട്ടിലെവിടെയാ ..?" കൂട്ടത്തില്‍ ജിമ്മനായ ഒരു പയ്യന്‍ ചോദിച്ചു ..
"ആലപ്പുഴ" നിങ്ങളോ ..??
ഞങ്ങള് പാലാ ..
ഓ .. നമ്മടെ ബെര്‍ളിച്ചായന്റെ സ്ഥലം .. പുള്ളിയെ അറിയാമോ ..??
ആരാ .. കേട്ടില്ല .. ഒന്നൂടെ പറഞ്ഞെ ...
എന്‍റെ അമ്മോ.. മലയാളം ബ്ലോഗ്ഗര്‍ ബെര്‍ലിച്ചായനെ അറിയില്ലേ ..??
" ഠിം " എന്നൊരു ശബ്ദമാണ് പിന്നെ ഞാന്‍ കേട്ടത് .. പണ്ട് ദൂരദര്‍ശനില്‍ തടസ്സം വരുമ്പോള്‍ കേള്‍പ്പിക്കുന്ന മുസിക് തൊട്ടുപുറകെ തലയ്ക്കുള്ളില്‍ മുഴങ്ങി നിന്നു ... മാര്‍ക്കറ്റില്‍ ബോംബു പൊട്ടിയെന്നാണ് ആദ്യം ഞാന്‍ കരുതിയത്‌ .. കൂടുതലൊന്നും വിചാരിക്കാന്‍ ടൈം കിട്ടാതെ ഞാന്‍ മുന്നോട്ടു മറിഞ്ഞുവീണു .. പൂച്ചയ്ക്ക് കൊടുക്കാന്‍ കച്ചോടക്കാരന്‍ മാറ്റിയിട്ടിരുന്ന കുഞ്ഞുമീനുകളെ ചുംബിച്ചുകൊണ്ട് ഞാന്‍ നിലത്തുകിടന്നു .. ഇനി തിരിച്ചുവരില്ലെടാ പട്ടീ എന്ന് പറഞ്ഞോണ്ട് ബോധം അതിന്റെ പാട്ടിനു പോയി ...

കണ്ണ് തുറക്കുമ്പോള്‍ നല്ല എ/സി ഒക്കെ ഉള്ള ഒരു മുറിയിലാണ് .. നയന്‍താരയെ വയിറ്റ് വാഷ് ചെയ്തപോലെ ഒരു നേഴ്സ് അടുത്ത് നില്‍പ്പുണ്ട് ... കൂടെ ഉണ്ടായിരുന്ന മൂന്നു അവന്മാരെയും കാണുന്നില്ല .. എന്നാലും എന്തിനാ അവന്മാരെന്നെ പുറകീന്ന് അടിച്ചത് ..? "ബെര്‍ലിച്ചായന്‍ " എന്നു പറഞ്ഞാ ഇത്രേം മോശം വാക്കാണോ ..? അതോ ഇവന്മാരെപ്പെറ്റി  എങ്ങാനും ഇതിയാന്‍ ബ്ലോഗ്‌ എഴുതീട്ടുണ്ടോ ..?? ഇനി പണ്ടെങ്ങാനും പാലായില്‍ വച്ച് ഇവന്മാരുടെ പെങ്ങന്മാരെ വളയ്ക്കാന്‍ നടന്ന ആളാണോ അച്ചായന്‍ ..??? ക്വസ്റ്റിയന്‍ മാര്‍ക്കിന്റെ എണ്ണം കൂടുന്നതല്ലാതെ എനിക്കൊന്നും മനസിലായില്ല ..

" പേടിക്കണ്ട, കുഴപ്പമൊന്നുമില്ല അല്പംകൂടി വിശ്രമിച്ചോളൂ .. " നല്ല ശുദ്ധ മലയാളത്തില്‍ തന്നെ നേഴ്സ് പറഞ്ഞു .. ഓ .. ഇതും മലയാളിയായിരുന്നോ .. ജന്മവാസന കൊണ്ട് ഞാന്‍ ആദ്യം തന്നെ ചോദിച്ചത് "വീടെവിടാ " എന്നാണ് ... കുറേച്ചെയായി വന്നുകൊണ്ടിരുന്ന ബോധത്തെ വീണ്ടു കളയാന്‍ വേണ്ടി ആ പെണ്ണ് പറഞ്ഞത് "പാലാ" എന്നാണു .. ദൈവമേ .. ഇവിടെന്താ പാലാക്കാരുടെ പത്രസമ്മേളനമോ ..??

"ചേട്ടായിയേ .. മീന്‍ വാങ്ങിക്കണ്ടേ ..?? " ദാണ്ടെ വരുന്നു എന്നെ തല്ലിയ ചെറ്റകള്‍ ... വീണ്ടും ചൊറിയാനുള്ള വരവാണോ ..??
എന്നോട് നേരത്തെ എന്തെങ്കിലും വിരോധം ഉണ്ടായിരുന്നോ ..?? കരച്ചില് പോലാണ് ഞാന്‍ ചോദിച്ചത് ..

" ഇല്ല .. എന്താ ചേട്ടാ .?? "
പിന്നെ എന്തിനാടെയ് എന്നെ പുറകീന്ന് തല്ലിയത് ..??
" തല്ലിയെന്നോ .. ഞങ്ങളോ .. എന്‍റെ പൊന്നു ചേട്ടായീ, മാര്‍ക്കറ്റില്‍ മട്ടന്‍ വെട്ടിക്കൊണ്ടിരുന്ന മറാത്തിയുടെ കയ്യീന്ന് വെട്ടുകത്തി തെറിച്ചുപോയതാ .. അത് വന്നു കൊണ്ടത്‌ ചേട്ടന്റെ തലേലും .. ഭാഗ്യത്തിന് മുറിഞ്ഞില്ല .. ഞങ്ങള് ഈ ഹോസ്പിറ്റലില്‍ തന്നെ വര്‍ക്ക് ചെയ്യുന്നവരാ . അതുകൊണ്ടാ ഇങ്ങോട്ട് കൊണ്ടുവന്നത് .."
 
ഓഹോ .. അപ്പം അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് .. പാവം ബ്രാണ്ടിയെ .. അല്ല പിള്ളേരെ സംശയിച്ചു ... എന്നാ ഇനി വീട്ടില്‍ പോവാം ..
ആ പിള്ളേര് കൂടെ ഉണ്ടായിരുന്നതുകൊണ്ട് ബില്ലൊന്നും കൊടുക്കാതെ അവിടുന്ന് ഇറങ്ങി .. അടുത്ത ഓട്ടോയില്‍ കയറി മാര്‍ക്കറ്റില്‍ എത്തി .. ഇറച്ചിക്കടക്കാരന്‍ അവ .. സോറി .. അലവലാതി അവിടെ ഒന്നും സംഭവിക്കാത്തത് പോലെ ഇറച്ചി വെട്ടുന്നുണ്ട്‌ ... 

അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ... " ബെര്‍ലിച്ചായന്‍ " ആ പേര് കേട്ടാല്‍ ആരുടെ കയ്യും ഒന്ന് വിറയ്ക്കും .. അച്ചായന്‍ വയാഗ്ര പോലെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്‌ ആണെന്ന് ഞാന്‍ ഓര്‍ത്തില്ല ... ഞാനിനി നാസയില്‍ പോയി ബെര്‍ലിച്ചായാ എന്ന് വിളിച്ചാല്‍ അവര് വിടുന്ന റോക്കറ്റ് തിരിച്ചുവന്നെന്റെ തലയില്‍ വീഴും .. പറന്നുപോകുന്ന വിമാനത്തിന്റെ പൈലറ്റ് കേട്ടാല്‍ എന്‍റെ മുതുകത്തു അവര് പ്ലയിന്‍ ലാന്‍ഡ് ചെയ്യിക്കും .. പിന്നാ മട്ടന്‍ വെട്ടുന്ന മറാത്തി ..!! എന്നെപ്പോലുള്ള ഊത്തകള്‍ക്കൊക്കെ ആ പേര് പറയാനുള്ള യോഗ്യത ഉണ്ടോടെയ് .. 

അച്ചായന്‍ തന്നെ പറഞ്ഞതുപോലെ "പേടി കലര്‍ന്ന ബഹുമാനത്തോടെ" മാത്രമേ ആ പേര് വിളിക്കാവൂ ... അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും ..  അച്ചായന്റെ പേരില്‍ ഉടനെ ഇറങ്ങാനിരിക്കുന്ന "DON'T DELETE THIS" എന്ന പേരുള്ള ഇ-മെയിലുകളില്‍ ഇനി എന്‍റെ പേരും കൂട്ടിച്ചേര്‍ക്കപ്പെടും .. അതിന്‍റെ ഒരു സാമ്പിള്‍ ഇതാ ..

==========================================


" DON'T DELETE THIS "

" ബെര്‍ലിച്ചായന്‍ " ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉച്ചരിക്കുന്ന വാക്ക് ..
ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കാണുന്ന ഫോട്ടോ..

ഈ ഇ മെയില്‍ പ്രിന്റ്‌ എടുത്തു കിടപ്പുമുറിയില്‍ ഒട്ടിച്ചു വച്ചാല്‍ പത്തു ദിവസത്തിനകം നിങ്ങക്ക് ഒരു സന്തോഷവാര്‍ത്ത ലഭിക്കും ..
ഇതുമായി ബന്ധപ്പെട്ടു പതിനായിരങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ കേള്‍ക്കൂ

1. കാഞ്ഞിരപ്പള്ളിയില്‍ കറിയാ എന്ന് പേരുള്ള ഒരു പാവപ്പെട്ടവന്‍ തന്റെ സുന്ദരിയും മദാലസയുമായ മോള്‍ക്ക്‌ അച്ചായന്റെ ബ്ലോഗുകള്‍ അയച്ചു കൊടുക്കുകയുണ്ടായി .. 3 ദിവസത്തിനകം കറിയാച്ചന്റെ മോള്‍ ഏതോ അലവലാതിയുമായി ഒളിച്ചോടിപ്പോകുകയും അങ്ങനെ അവളെ കെട്ടിച്ചു വിടുന്നതിനുള്ള ഭീമമായ സാമ്പത്തിക ബാധ്യതയില്‍ നിന്ന് അയാള്‍ ഒഴിവാകുകയും ചെയ്തു .. പ്രൈസ്‌ ദി ലോര്‍ഡ്‌ ..

2. മുംബൈയില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്ന സതീശന്‍ എന്നോ മറ്റോ പേരുള്ള ഒരു അവിശ്വാസി വെറും കൂതറ ഭാഷയില്‍ അച്ചായന്റെ പേര് ഉച്ചരിക്കുകയും തത്സമയം തന്നെ ശൂന്യതയില്‍ നിന്ന് പറന്നുവന്ന വെട്ടുകത്തി തലയില്‍ കൊണ്ട് അബോധാവസ്ഥയില്‍ ആകുകയും ചെയ്തു .. സ്ത്രോത്രം ..

3. അച്ചായന്റെ ബ്ലോഗുകള്‍ പ്രിന്റ്‌ എടുത്തു കപ്പലുണ്ടാക്കി കളിച്ച 10 വസ്സുകാരന്‍ പയ്യനെ ഘടാഘടിയനായ ഒരു മുതല പിടിച്ചോണ്ട് പോകുകയുണ്ടായി ... എന്റമ്മച്ചീ .. 

4. അച്ചായനെ അവഗണിച്ചു കൂതറ ബ്ലോഗര്‍മാര്‍ മീറ്റിംഗ് നടത്തിയ സ്ഥലത്ത് ഉച്ചയ്ക്ക് തിന്നാനുള്ള ചക്കപ്പുഴുക്കിനെ ചൊല്ലി അടിയുണ്ടാവുകയും അങ്ങനെ മീറ്റിംഗ് അലമ്പാകുകയും ചെയ്തു

അതുകൊണ്ട് ഈ ഇമെയില്‍ അവഗണിക്കാതിരിക്കുക ... എല്ലാവര്‍ക്കും അയച്ചുകൊടുക്കുക .. കിട്ടുന്നതൊക്കെ വാങ്ങിച്ചോളുക ..

ശുഭം ....

N.B : ഈ ബ്ലോഗ്‌ എഴുതിയ ആള്‍ക്ക് എന്തൊക്കെ കിട്ടുമോ എന്തോ ..

9 അഭിപ്രായ(ങ്ങള്‍):

Toji പറഞ്ഞു...

kalakkeettndu tttaaa...

നിലാവ്‌ പറഞ്ഞു...

good one!

കുന്നെക്കാടന്‍ പറഞ്ഞു...

berliye kondu jeevikkan padichu lle ?

wishes

പുതിയോടന്‍ .... പറഞ്ഞു...

ഒരു കാര്യം സത്യമാണ് ... ഒരു ബ്ലോഗ്‌ തുടങ്ങി വെറുതെയിരുന്ന എന്നെ എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചു കൊണ്ടുവന്നത് ബെര്‍ലിയാണ് .. മറ്റൊരാള്‍ അയച്ചു തന്ന ലിങ്കില്‍ നിന്നാണ് ഞാന്‍ അദ്ദേഹത്തിന്റെ ബ്ലോഗ്‌ ആദ്യമായി കാണുന്നത് ... അതും പിന്നെ കുറെ പോസ്റ്റുകളും വായിച്ചു കഴിഞ്ഞപ്പോ ആണ് പഴയ ബ്ലോഗ്‌ പൊടിതട്ടി എടുക്കാനുള്ള ഒരു പ്രേരണ ഉണ്ടായത് .. അപ്പോള്‍ ആ ശൈലിയുടെ തുടിപ്പുകള്‍ ഈയുള്ളവന്റെ ബ്ലോഗിലും ഉണ്ടാവും .. അത് തികച്ചും മനപ്പൂര്‍വം ..:

നിര്‍മല്‍ ജെ സൈലസ് പറഞ്ഞു...

കൊള്ളാം

Marykkutty പറഞ്ഞു...

Puthyoda...Kollam,tto!

Inganaanu Njangal palakkaru...!!

- സോണി - പറഞ്ഞു...

നന്നായി... താങ്ങിത്തന്നെ പഠിക്ക്...

Rahul പറഞ്ഞു...

Sangathi adipoli aayittund

Arjun പറഞ്ഞു...

I am madly in love with you!
Really nice blog!
I enjoyed it!
Great!
I follow you...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Blog Promotion By
INFUTION