Pages

2011, മാർച്ച് 3, വ്യാഴാഴ്‌ച

നിലാവിന്റെ നാട്ടില്‍ നിന്ന് .. നിനക്കായി ..


             ഇന്ന് ദിവസമെതാണ് .. പുലര്‍മഞ്ഞിന്റെ വിശുദ്ധി നിറുകില്‍ വീണതിന്റെ ഓര്‍മയോ .. ഇടനെഞ്ചില്‍ ചുട്ടുപൊള്ളുന്ന കണ്ണീര്‍ വീണതിന്റെ വേദനയോ .. എന്തുമാവട്ടെ ,എനിക്കിന്ന് വീണ്ടും ഇവിടേയ്ക്ക് വരേണ്ടി വന്നിരിക്കുന്നു .. ഒരിക്കല്‍ ഞാനുപേക്ഷിച്ചുപോയ കൂട്ടിലേയ്ക്ക്‌ , ഒരു നീര്‍ക്കുമിള പോലെ മിനുങ്ങുന്ന ഭൂമിയിലേക്ക്‌ .. ആകാശത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് , മിന്നിത്തെളിയുന്ന നക്ഷത്ര ലോകത്തുനിന്ന് ഞാന്‍ വരുന്നു .. നിനക്കായി മാത്രം ..!! നീയെന്നെ മറന്നിരിക്കില്ല .. വേര്‍പാടിന്റെ നിശ്വാസങ്ങളെ ഒരിക്കലും നീ മറവിയുടെ നിഴല്‍പ്പാടുകളിലേക്ക് മറച്ചിരുന്നില്ല .. ഒരിക്കല്‍ വലിച്ചെറിഞ്ഞ മയില്‍പ്പീലിയെ നെഞ്ചോടു ചേര്‍ക്കാന്‍ മാത്രമല്ല ഞാന്‍ വരുന്നത് .. ഒരു ചെറുകാറ്റായെങ്കിലും നിന്റെയരികില്‍ എത്താന്‍ .. നിന്‍റെ നിശബ്ദമായ വിതുമ്പലുകളിലേയ്ക്ക് എന്‍റെ ഗാനം നിറയ്ക്കാന്‍ .. എവിടെയോ കൈവിട്ട ഓര്‍മകളെ ചേര്‍ത്തുവയ്ക്കാന്‍ .. പിന്നെ .. പിന്നെ .. എന്തിനൊക്കെയോ ...!!
എവിടെയായിരുന്നു ഓര്‍മ്മകള്‍ പിരിഞ്ഞുപോയത് ..? എന്നുമുതലായിരുന്നു സ്വയം നഷ്ടമായിതുടങ്ങിയത് .. ?? സായംസന്ധ്യകളില്‍ സൌഹൃദങ്ങള്‍ പൂത്തുനിന്ന നാട്ടുവഴികളിലാവാം .. നിറങ്ങള്‍ നിറഞ്ഞൊഴുകിയ കലാലയങ്ങളിലാവം .. ഒന്ന് തീര്‍ച്ച , സ്വയം അലിഞ്ഞില്ലാതായത് നിന്‍റെ ഓര്‍മകളിലായിരുന്നു .. സ്വപ്‌നങ്ങള്‍ എരിഞ്ഞു തീര്‍ന്നത് എന്‍റെ ഹൃദയത്തിലായിരുന്നു .. എന്‍റെ നിറുകില്‍ വീണ മഴത്തുള്ളി നിന്‍റെ കണ്ണുനീരായിരുന്നു ...

           ആഘോഷമായിരുന്നു എല്ലാം .. എന്‍റെ ചിന്തകള്‍ ,  പൊട്ടിച്ചിരികള്‍ , നൊമ്പരങ്ങള്‍ .. അങ്ങനെ എല്ലാം .. കഥകള്‍ പറയുമായിരുന്നു .. ആകാശത്തോട് , നക്ഷത്രങ്ങളോട് .. വസന്തങ്ങളില്‍ നിലാവിനോടോത്ത് നടന്നിരുന്നു .. രാപ്പാടിയോടോത്ത് പാടിയിരുന്നു .. നുരയുന്ന ലഹരിയോടെ കായല്‍ക്കരയിലും കടല്‍തീരങ്ങളിലും തനിച്ചിരുന്നിരുന്നു .. കഥകള്‍ നിലച്ചതും പാട്ടു മറന്നതും അറിഞ്ഞുതുടങ്ങിയപ്പോള്‍ വൈകി ... നിലാവിനെ കടലെടുത്തു .. എന്‍റെ കിനാക്കളെ ആകാശവും .. ഇതിനിടയില്‍ നിന്നെ ഞാനെവിടെയാണ് കണ്ടത് .. കണ്ണുനീരിന്റെ നനവായല്ലേ .. ആത്മാവില്‍ നിറഞ്ഞ നന്മയായല്ലേ .. എന്‍റെ നിനവുകളിലെ ഗാനമായല്ലേ നീ എന്നെ ഉണര്‍ത്താന്‍ ശ്രമിച്ചത്‌ ...? വൈകിപ്പോയി ...!!

              അനിവാര്യമായ വിധി അഗ്നിയായ് പൊതിയുമ്പോള്‍ ഓര്‍മ്മകള്‍ എല്ലാം അലിഞ്ഞു പോവാന്‍ തുടങ്ങിയിരുന്നു .. ഏതോ കടല്‍ക്കരയില്‍ പണ്ടെന്നോ ഞാന്‍ കോറിയിട്ട വാക്കുകള്‍ തിരയില്‍ മാഞ്ഞു പോയതുപോലെ ..

" അന്തിത്തിരിയെരിയുമ്പോള്‍, നക്ഷമലരുകള്‍ വിരിയുമ്പോള്‍ വീണ്ടുമൊരുയാത്ര ..
ചപലമാം സ്വപ്നങ്ങളെ ഏകാന്തതയില്‍ ഉറങ്ങാന്‍ വിട്ട് .. കനലുകളണച്ച് ..
പോവട്ടെ ഞാന്‍ .. ആര്‍ദ്രമെന്‍ യാത്രാമൊഴി ... "

           പിന്നീടിന്നോളം ഞാന്‍ എവിടെയായിരുന്നു ..?? അനന്തമായ ആകാശത്തിനും മേലെ .. എന്നോടൊത്തു നടന്ന നക്ഷത്രങ്ങള്‍ക്കും മേലെ ഞാനുണ്ടായിരുന്നു .. പരമമായ സത്യത്തിന്റെ കിടക്കയില്‍ ഞാനുറങ്ങി ..വിളിച്ചാല്‍ വിളികേള്‍ക്കാത്ത ലോകങ്ങളില്‍ കടന്നുവന്ന് എന്നെ ഉണര്‍ത്തിയത് നിന്‍റെ പ്രാര്‍ത്ഥനകളായിരുന്നുവോ ...??

         എന്തുമാവട്ടെ ... ഞാന്‍ ആദ്യംതന്നെ പറഞ്ഞില്ലേ .. ആകാശത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് , മിന്നിത്തെളിയുന്ന നക്ഷത്ര ലോകത്തുനിന്ന് ഞാന്‍ വരുന്നു .. നിനക്കായി മാത്രം ... അഗ്നിയില്‍ ഉരുകിത്തെളിഞ്ഞ് .. നിന്‍റെ ഓര്‍മകളെ മയില്‍പ്പീലിയാക്കി നെഞ്ചോടുചേര്‍ത്ത്‌ .. നീ നടന്ന വഴികളില്‍ .. നിന്‍റെ പ്രാര്‍ഥനകളുടെ ഉണ്മ ചേര്‍ന്ന ദേവാലയങ്ങളില്‍ .. നിനക്കുള്ള മയില്‍പ്പീലിയുമായി ഞാന്‍ നിന്നെ തേടുന്നു .. ഇരുള്‍ നിറഞ്ഞ നിശ്വാസങ്ങളെയും , കുതിക്കുന്ന സമയത്തെയും പിന്നിലാക്കി , കൈക്കുമ്പിളില്‍ നിറനിലാവുമായി ഞാന്‍ വരുമ്പോള്‍ .. നീയെവിടെ .. നീയെവിടെ ..??


 
Arts
Blog Promotion By
INFUTION