Pages

2011, ജൂൺ 15, ബുധനാഴ്‌ച

പുഴയൊഴുകും വഴിയെ ..

ഇനി ഞാന്‍ ആരെയും കാത്തുനില്‍ക്കുന്നില്ല ..
വഴിതെറ്റിയ ഋതുഭേദങ്ങളെ കാത്തുനില്‍ക്കുന്നവന്‍ വിഡ്ഢിയാണ് ..
എന്നെപ്പോലെ ..

ഏറ്റുപാടാന്‍ ആരുമില്ലാതെ -
ഞാനെന്തിനാണീ പാട്ടുപാടിയത് ..
വിഷം കലര്‍ന്ന പുണ്യജലവും അര്‍ത്ഥമില്ലാത്ത മന്ത്രങ്ങളും -
ഇവിടെയുപേക്ഷിച്ചു പോവാം ..
നറുനെയ്യുടെ ഗന്ധമുയര്‍ന്ന യാഗഭൂമിയില്‍ -
വെടിമരുന്നിന്റെ ചൂരാണിപ്പോള്‍ ..

ദീക്ഷയുടെ നീളവും കാഷായത്തിന്റെ നിറവും നോക്കിയാണത്രെ -
ഇപ്പൊ യോഗിക്ക് വില ..
ചുടലകളിലെ ചാരംകലര്‍ന്ന ജലത്തില്‍ മുക്കിയ -
എന്‍റെ വേഷത്തിനു ഈ നിറമല്ലേ വരൂ ..
അടിവയറൊട്ടി നട്ടെല്ലില്‍ ചേരാന്‍ യോഗാഭ്യാസമെന്തിനു ..?
ഇടനെഞ്ചിലെന്റെ വിശ്വാസം ചേര്‍ത്തുവച്ച ഉപവാസം പോരെ ..

ഉമിനീര്‍വറ്റി ചുണ്ടുകള്‍ വരളുമ്പോള്‍ ഞാനറിയുന്നു -
ഈയാള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചാണ് ..
ഒരു ചുവടടിക്കിപ്പുറത്ത്  -
എന്‍റെ കാല്‍പ്പാടുകള്‍ പോലും മാഞ്ഞുപോയിരിക്കുന്നു ..

ഇനി പോകാം ..
ഒരിറ്റു കണ്ണീരിനോടൊപ്പം എന്‍റെ പ്രാണനും നേദിച്ച് ..
ഈ പുഴയൊഴുകുന്ന വഴിയേ .. ഒരു വിഡ്ഢിയുടെ വിലാപയാത്ര ..

 
Arts
Blog Promotion By
INFUTION