Pages

2011, ജനുവരി 25, ചൊവ്വാഴ്ച

ബ്ലോഗോദയം ....

അങ്ങനെ അത് സംഭവിച്ചു ... മലയാള ബ്ലോഗു സാഹിത്യ പാരാവാരത്തിലേക്ക് ഞാനും ചാടി പണ്ടാരമടങ്ങി ...
ഇത് എന്‍റെ ആദ്യത്തെ ബ്ലോഗല്ലെന്നും 2007 മുതല്‍ പൈങ്കിളി സാഹിത്യം, പ്രേമം തുടങ്ങിയ കൂതറ കാര്യങ്ങളില്‍ വിവരക്കേടുകള്‍ എഴുതി പിടിപ്പിച്ചുകൊണ്ടിരുന്ന വേറൊരു ബ്ലോഗ്‌ ഈയുള്ളവന്റെ അക്കൌണ്ടില്‍ തന്നെ ഉണ്ടെന്നും ചില അസൂയക്കാര്‍ പറഞ്ഞു നടക്കുന്നുണ്ട് ... സത്യമായും കുറെ നാള്‍ എനിക്ക് അമ്ലെഷ്യ ആയിരുന്നു ... ഒന്നും ഓര്‍മയില്ല ...

അല്ലെങ്കിലും കുറെ നാളായി .. കുറെ എന്ന് പറഞ്ഞാല്‍ നാലഞ്ചു കൊല്ലമായി ഇങ്ങനെ മുട്ടി മുട്ടി നില്‍ക്കുന്നു .. സമ്മതിക്കണ്ടേ കശ്മലന്മാര്‍ ... നാട്ടിലെ , അതായത് കേരള നാട്ടിലെ കാര്യാലയങ്ങളില്‍ ജോലി ചെയ്യുമ്പോ മനസ്സമാധാനത്തോടെ ഇരുന്നു പോസ്റ്റാന്‍ പറ്റുമോ ..? കാര്യാലയം എന്ന് പറഞ്ഞപ്പോ തെറ്റിദ്ധരിക്കല്ലേ , ഇംഗ്ലീഷ് പറയാന്‍ ഉള്ള മടി കൊണ്ട് മലയാളത്തിലാക്കിയതാ , അല്ലാതെ അറിയാന്‍ പാടില്ലഞ്ഞിട്ടല്ല .. അപ്പൊ അവിടെ ഈ കുന്ത്രാണ്ടത്തിന്റെ മുന്നില്‍ ഇരുന്നു പെറുക്കി പെറുക്കി അന്തരാളത്തിലെ അന്തര്‍ധാരകള്‍ പകര്‍ന്നു തുടങ്ങുമ്പോഴാവും മലയാളം വായിക്കാന്‍ അറിയാവുന്ന സഹപ്രവര്‍ത്തകരായ പെറുക്കികളുടെ പ്രഘോഷണം തുടങ്ങുന്നത് ... ( മലയാള ഭാഷയിലുള്ള അഗാധ കുതൂഹല പാണ്ഡിത്യം മൂലമാണ് ഞാന്‍ ഇതുപോലുള്ള കഠിന കടോരങ്ങളായ വാക്കുകള്‍ പുറപ്പെടുവിക്കുന്നത് എന്ന് പ്രത്യേകം പറയട്ടെ ) അതോടെ പോയി .. അന്ധര്‍ധാര മുറിഞ്ഞു പോയി .. ആര്‍ക്കു പോയി .. ലക്ഷക്കണക്കിന്‌ മലയാളികള്‍ക്ക് പോയി .. ബ്ലോഗര്‍മാര്‍ക്ക് പോയി .. 

അങ്ങനെ ഇരിക്കുമ്പോഴാണ് ഫീകരന്മാരുടെ ആക്രമണം കൊണ്ട് പൊറുതി മുട്ടിയ സ്ഥലത്തേക്ക് പുതിയ ജോലിക്കായി പോയത് .. നാട്ടില്‍ നില്‍ക്കാന്‍ പറ്റാതെ പോയതാണെന്നും അതല്ല ഓടിച്ചു വിട്ടതാണെന്നും പലരും പറഞ്ഞേക്കാം .. ആര് മൈന്‍ഡ് ചെയ്യുന്നു .. "ഞെട്ടില്ല വട്ടയില" .. ( സന്ദര്‍ഭോചിതമായി പഴഞ്ചൊല്ലുകള്‍ വാരി വിതരാനുള്ള എന്‍റെ കഴിവ് മനസിലായി തുടങ്ങി കാണുമല്ലോ ).. ആഹാ .. സൌകര്യമായി .. മലയാളത്തില്‍ പച്ച തെറി ടൈപ്പ് ചെയ്താലും ഇവിടെ ഇവന്മാര്‍ക്ക് ഒരു  സാധനവും മനസിലാകില്ല .. ആവേശം മൂത്ത് ആദ്യ പോസ്റ്റ്‌ ഇട്ടപ്പോ തന്നെ എല്ലാവരും ചോദിച്ചു എന്താണ് സംഗതി എന്ന് .. അങ്ങ് കേരള നാട്ടിലെ തിളയ്ക്കുന്ന സിംഹമാണ് ഞാനെന്നും , കവിത , കഥ, നാടകം , സിനിമ , തിരക്കഥ തുടങ്ങി പലതരം അവാര്‍ഡുകള്‍ ചെറുപ്പകാലം മുതലേ വാങ്ങി കൂട്ടിയ ആളാണ്‌ ഞാനെന്നും പണ്ടെങ്ങാണ്ട് എന്റെ അച്ഛന്‍ ജഡ്ജിക്ക് പട്ടച്ചാരായം വാങ്ങിക്കൊടുത്തു നേടിയ ഒന്നാം സ്ഥാനത്തിന്റെ സര്‍ട്ടിഫിക്കറ്റ് കാണിച്ചു ഞാന്‍ ബോധ്യപ്പെടുത്തി .. സര്‍ദാര്‍ജിമാര്‍ ഫ്ലാറ്റ് .... അതും പോരാഞ്ഞു കര്‍ണാടക / കേരള സംഗീത ശാഖകളില്‍ എനിക്കുള്ള അഗാധമായ ജ്ഞാനവും .... (കേരള സംഗീതം എന്നുവച്ചാല്‍ കള്ളുഷാപ്പുകളില്‍ മാത്രം കേള്‍ക്കുന്ന ഒരുതരം ഓലിയിടലാണെന്നു വിമര്‍ശകര്‍ പറഞ്ഞേക്കാം .. നിങ്ങള്‍ അതൊന്നും കേട്ട് തെറ്റിദ്ധരിക്കല്ലേ ) ..

എന്തായാലും അന്ന് 3  മണിയുടെ ചായയുടെ കൂടെ കിട്ടുന്ന ബിസ്കറ്റിന്റെ എണ്ണം കൂടിയപ്പോഴേ എനിക്ക് എന്തോ പന്തികേട്‌ തോന്നിയതാ .. ഇവന്മ്മാര് എന്റെ ഒരു കിഡ്നി എങ്കിലും ചോദിക്കും എന്ന് .. കൂടാതെ അക്കൌണ്ടന്റ് സര്‍ദാര്‍ജി പെണ്ണിന്റെ  നാണവും ഒരു പരുമ്മലും ഒക്കെ .. നാണം വന്നാല്‍ നമ്മുടെ പെണ്ണുങ്ങള് ചേന വരയ്ക്കും എന്നൊക്കെ കേട്ടിട്ടുണ്ട് .. ഓഫീസില് ടൈല്‍സ് ആയതുകൊണ്ടും ചെനയെപ്പെറ്റി കേള്‍ക്കാത്തത് കൊണ്ടും ആവണം ആ പെണ്ണ് കമ്പ്യൂട്ടറില്‍ പെയിന്റ് ബ്രഷ് എടുത്തു ഏതാണ്ട് തക്കാളി മാതിരി തോന്നുന്ന ഒരു സാധനം എന്നെ വരച്ചു കാണിച്ചു .. എന്താണ് വരച്ചതെന്ന് ഹിന്ദി പഠിച്ചു കഴിയുമ്പോ ചോദിച്ചു മനസിലാക്കാം .. പറഞ്ഞുവന്നത് അതൊന്നും അല്ല .. ഞാന്‍ ഒരു മഹാ സംഭവം ആണെന്ന് നിങ്ങളെ മനസിലാക്കാനും അല്ല ,, നിങ്ങള്‍ ഇതൊന്നു കേട്ട് നോക്കൂ ...

അന്ന് വൈകിട്ട് കട പൂട്ടാറാകുന്നു .. മറ്റു തൊഴിലാളി സര്‍ദാര്‍ജിമാര്‍ പുറത്തേക്കു ഇറങ്ങിയ ഉടനെ മൊതലാളി സര്‍ദാര്‍ജി വാതില് അകത്തൂന്ന് അടച്ചു കുറ്റിയിട്ടു ..  എന്‍റെ ചങ്കിടിച്ചു .. ടെന്‍ഷന്‍ വീണ്ടും കൂട്ടിക്കൊണ്ടു ദാ പിടിക്കുന്നു മൊതലാളി എന്റെ കയ്യില്‍ .. വൃത്തികെട്ടവന്‍ .. ഇതിനാണോ ഈശ്വരാ വൈകിട്ട് ബിസ്കറ്റ് കൂട്ടി തന്നത് ... രക്ഷപെടാന്‍ ഒരു മാര്‍ഗവും ഇല്ലാലോ .. ആ പെണ്ണ് എന്നെപ്പെറ്റി എന്ത് വിചാരിച്ചു കാണും .. സാഹിത്യകാരനാണെന്ന് തട്ടി വിട്ടത് പാരയായോ .. സര്‍ദാര്‍ജിമാരുടെ നാട്ടില്‍ സാഹിത്യകാരന്മാരൊക്കെ ഈ ട്യ്പ്പാണോ ..? അയ്യേ ... 

പക്ഷെ സര്‍ദാര്‍ജി ചെയ്തത് വേറെ ഒന്നാണ് .. കണ്ണീരു വാര്‍ത്തുകൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത് .. അതിന്‍റെ അര്‍ഥം ആദ്യം ഹിന്ദി അറിയാന്‍ വയ്യാത്ത നിങ്ങള്‍ക്കായി ഞാന്‍ മലയാളത്തില്‍ പറയാം .. ഇതാ ..

" എന്‍റെ പൊന്നു കുട്ടാ .. നീ മഹാനാണ് .. ഞങ്ങള്‍ എന്തുകൊണ്ട് നിന്നെ നേരത്തെ ജോലിക്ക് വച്ചില്ല ... ഇവിടുത്തെ കൂതറ ഹിന്ദിക്കാര്‍ ഈ ഭാഷയെ നശിപ്പിക്കുകയാണ് .. നീ എത്രയും പെട്ടെന്ന്  ഹിന്ദി പഠിച്ചു ഈ ഭാഷയെ പുനരുദ്ധരിക്കണം .. മലയാള ഭാഷയെ മഹത്വവല്‍ക്കരിച്ച പുണ്യ പുരാണ പൂരുഷനെ , ഞങ്ങളുടെ ഭാഷയ്ക്ക് ഒരു വരദാനമാണ് നീ .... അങ്ങനെ അങ്ങനെ അങ്ങനെ ..... "

ഇനി സര്‍ദാര്‍ജി പറഞ്ഞ ഹിന്ദി ... ഹിന്ദി അറിയില്ലല്ലോ അല്ലെ ..?

"यार तु बडा डिप्लोमॅटीक है... इससे जादा साफ सुधरा डिप्लोमॅटीक कोई स्टेटमेंन्ट नही होगा. क्योंकी असल में उसको कहना होता है... साले ... तु बडा हरामी है... वैसे डिप्लोमसीकी अगर 'डीप्लोमॅटीक' व्याख्या की जाए तो उसका मतलब होता है ... टॅक्टीकली बिहेव करना ताकी उसमे सब का हित हो. लेकिन आज के जमाने के हिसाब से डिप्लोमसीका मतलब होता है .... मुहं मे राम बगल में छुरी. या फिर अपने दिल की बात चेहरे पर जाहिर ना होने देना."

കുളിരുകോരുന്നു .. ആഹ് ... നിങ്ങള്ക്ക് കോരുന്നില്ലേ ..? ഇല്ലേ ..? അത് അവിടെ ചൂടായിട്ടാണ് ...

അപ്പൊ ശരി .. ഭാരത രത്നം വാങ്ങിക്കുന്ന സ്റ്റേജില്‍ വച്ച് കാണാം ... ഇപ്പൊ ഹിന്ദിയുടെ ടൂഷന്‍ ക്ലാസ്സ്നു പോണം ... !!!

 
Arts
Blog Promotion By
INFUTION