Pages

2011 മേയ് 27, വെള്ളിയാഴ്‌ച

മഴ ..

മഴ ...
പ്രപഞ്ച സംഗീതത്തിലെ ആദിതാളം ..
ഇലകളെ നൃത്തം വയ്പ്പിച്ച് ഒരു സന്ധ്യക്ക്‌ വന്നവള്‍ ..

മഴ ..
പാതി വായിച്ചു നിര്‍ത്തിയ രാമായണത്തിന്റെ ഓര്‍മ ..
ചാവുമണം പുരണ്ട കര്‍ക്കിടകത്തിന്റെ ഒരു നനവാര്‍ന്ന ചുംബനം ..

മഴ ..
കൈക്കുടന്നയില്‍ വീണുടഞ്ഞ തെളിനീര്‍ക്കണം ..
വരണ്ടുണങ്ങിയ മനസിന്‌ പ്രകൃതിയുടെ അമൃതവര്‍ഷം ..

മഴ ..
നനഞ്ഞൊട്ടിയ സ്കൂള്‍ യൂണിഫോമിന്റെയും പിന്നെ -
കാല്‍കൊണ്ടു തട്ടിത്തെറിപ്പിച്ച ചെളിവെള്ളത്തിന്റെയും ഓര്‍മ ..

മഴ ..
ഉയര്‍ന്നു പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം .. പിന്നെ -
നിറുകയില്‍ തിരുമ്മിയ രാസ്നാദി പൊടിയുടെ നറുമണം ..

മഴ ...
അമ്മ കോരിത്തന്ന ചൂട് കഞ്ഞിയുടെ സ്വാദ് .. പിന്നെ -
അതില്‍ വീണു കലര്‍ന്ന കണ്ണീരിന്റെ ഉപ്പ് ..

മഴ ..
ഒരു മിന്നലിന്റെ വെളിച്ചത്തില്‍ കുടചൂടി വരുന്ന അച്ഛന്റെ രൂപം . പിന്നെ -
പിന്നാലെ വന്ന ഒരു ഇടിമുഴക്കത്തിന്റെ നടുക്കം ..

മഴ ...
അടര്‍ന്നുവീണ പഴമാങ്ങയുടെ മധുരം .. പിന്നെ -
മുഖത്തൊട്ടിയ മാഞ്ചുനയുടെ നീറ്റല്‍ ..

മഴ ...
നിന്‍റെ മുടിയിഴയില്‍ നിന്നൂറിയ ജലകണത്തിന്റെ തിളക്കം .. പിന്നെ -
ഒരു കുടക്കീഴിലെ നടപ്പിന്റെ നാണം ...

മഴ ..
യാത്രപറയാതെ പോയ ഒരു കൂട്ടുകാരന്റെ ഓര്‍മ .. പിന്നെ -
അവനായി കരുതിവച്ചിരുന്ന പൊതിച്ചോറിന്റെ സങ്കടം ...

മഴ ..
കുത്തിപ്പായുന്ന പുഴയുടെ ചിലമ്പല്‍ .. പിന്നെ -
അരയൊപ്പം പൊങ്ങിയ വെള്ളത്തിന്റെ തണുപ്പ് ..

മഴ ..
രാത്രികളില്‍ കേട്ടുറങ്ങിയ തവളകളുടെ മഴപ്പാട്ട് ... പിന്നെ -
നീ പെയ്തൊഴിഞ്ഞു പോയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ ഒരു നൊമ്പരം ..

അങ്ങനെ .. അങ്ങനെ ..

2 അഭിപ്രായ(ങ്ങള്‍):

Marykkutty പറഞ്ഞു...

Nannayirikkunnu.....

Sajeevamaakuka!

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിക്കുന്നു ....സുഹൃത്തേ ...അഭിനന്ദനങ്ങള്‍ ...:)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

 
Arts
Blog Promotion By
INFUTION