Pages

2011, ജൂൺ 15, ബുധനാഴ്‌ച

പുഴയൊഴുകും വഴിയെ ..

ഇനി ഞാന്‍ ആരെയും കാത്തുനില്‍ക്കുന്നില്ല ..
വഴിതെറ്റിയ ഋതുഭേദങ്ങളെ കാത്തുനില്‍ക്കുന്നവന്‍ വിഡ്ഢിയാണ് ..
എന്നെപ്പോലെ ..

ഏറ്റുപാടാന്‍ ആരുമില്ലാതെ -
ഞാനെന്തിനാണീ പാട്ടുപാടിയത് ..
വിഷം കലര്‍ന്ന പുണ്യജലവും അര്‍ത്ഥമില്ലാത്ത മന്ത്രങ്ങളും -
ഇവിടെയുപേക്ഷിച്ചു പോവാം ..
നറുനെയ്യുടെ ഗന്ധമുയര്‍ന്ന യാഗഭൂമിയില്‍ -
വെടിമരുന്നിന്റെ ചൂരാണിപ്പോള്‍ ..

ദീക്ഷയുടെ നീളവും കാഷായത്തിന്റെ നിറവും നോക്കിയാണത്രെ -
ഇപ്പൊ യോഗിക്ക് വില ..
ചുടലകളിലെ ചാരംകലര്‍ന്ന ജലത്തില്‍ മുക്കിയ -
എന്‍റെ വേഷത്തിനു ഈ നിറമല്ലേ വരൂ ..
അടിവയറൊട്ടി നട്ടെല്ലില്‍ ചേരാന്‍ യോഗാഭ്യാസമെന്തിനു ..?
ഇടനെഞ്ചിലെന്റെ വിശ്വാസം ചേര്‍ത്തുവച്ച ഉപവാസം പോരെ ..

ഉമിനീര്‍വറ്റി ചുണ്ടുകള്‍ വരളുമ്പോള്‍ ഞാനറിയുന്നു -
ഈയാള്‍ക്കൂട്ടത്തില്‍ ഞാന്‍ തനിച്ചാണ് ..
ഒരു ചുവടടിക്കിപ്പുറത്ത്  -
എന്‍റെ കാല്‍പ്പാടുകള്‍ പോലും മാഞ്ഞുപോയിരിക്കുന്നു ..

ഇനി പോകാം ..
ഒരിറ്റു കണ്ണീരിനോടൊപ്പം എന്‍റെ പ്രാണനും നേദിച്ച് ..
ഈ പുഴയൊഴുകുന്ന വഴിയേ .. ഒരു വിഡ്ഢിയുടെ വിലാപയാത്ര ..

2011, ജൂൺ 6, തിങ്കളാഴ്‌ച

ന്‍റെ ബെര്‍ലിച്ചായാ ...

 എന്നാലും എന്നോടിത് വേണ്ടായിരുന്നു .. അച്ചായനോടുള്ള ആരാധനയും പ്രണയവും മൂത്ത്   പാലായ്ക്കു ടിക്കറ്റ്‌ എടുക്കാന്‍ ഒരുങ്ങിയിരുന്ന എന്നോടിത് വേണ്ടായിരുന്നു ..  ഈ മുംബൈ നഗരത്തില്‍ കണ്ടുമുട്ടിയ മൂന്നു പാലാക്കാര് പിള്ളേരോട്   " ബെര്‍ലിച്ചായന്‍ " എന്ന പേര് പറഞ്ഞത് മാത്രമേ എനിക്കൊര്‍മയുള്ളൂ .. ഇപ്പൊ ഞാന്‍ കിടക്കുന്നത് നവി മുംബൈയിലെ ഒരു ആശുപത്രിക്കിടക്കയിലാണ് ... തലയില്‍ എവിടെയൊക്കെയോ നല്ല വേദനയുണ്ട് .. രാവിലെയെങ്ങാണ്ട് പോയ ബോധം തിരിച്ചുവന്നിട്ട്‌ കുറച്ചു നേരമേ ആയുള്ളൂ .. അടുത്തൊന്നും ആരെയും കാണുന്നില്ല .. ഞായറാഴ്ച ദിവസം അല്പം മീന്‍ വാങ്ങിക്കാമെന്നുകരുതി മാര്‍ക്കറ്റില്‍ പോയ ഞാനാണ് ഈ കിടക്കുന്നത് .. ഇന്ന് രാവിലെ തന്നെ മഴ തുടങ്ങിയിരുന്നു .. മാര്‍ക്കറ്റ് അല്പം ദൂരെയാണ് .. ഒരു ഓട്ടോറിക്ഷ പിടിച്ചു പോയാല്‍ അഞ്ചു മിനിറ്റ് .. മുംബൈയില്‍ എയ്റോപ്ലയിന്‍ കിട്ടാന്‍ ഒരു പാടുമില്ല , പക്ഷെ മഴയത്ത് ഒരു ഓട്ടോറിക്ഷ കിട്ടാന്‍ തപസ്സു ചെയ്യണം ... ഒരു പത്തമ്പത് ആള്‍ക്കാര്‍ അങ്ങനെ വട്ടം കറങ്ങി നില്‍പ്പുണ്ട് ..
പെട്ടെന്ന് കൊള്ളിയാന്‍ പോലെ ഒരു കാറ് പാഞ്ഞു പോയി .. റോഡില്‍ ഉണ്ടായിരുന്ന പുണ്യാഹജലം അല്പം പോലും വേസ്റ്റ് ആകാതെ ഞങ്ങളുടെ മേത്തോട്ടു വീണു .. " ഫ .. പട്ടി ********$$$** മോനേ , ആരടെ അമ്മെ കെട്ടിക്കാന്‍ പോവാടാ ... " നല്ല ശുദ്ധ മലയാളത്തിലുള്ള തെറി കേട്ടാണ് തിരിഞ്ഞുനോക്കിയത്  .. നല്ല നാടന്‍ സ്റ്റയിലില്‍ കൈലി ഒക്കെ ഉടുത്ത മൂന്നു പിള്ളേരാണ് .. ഞാന്‍ റൂമിനുള്ളില്‍ കൈലി ഉടുക്കുമെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പുറത്തു പോകുമ്പോ പ്രവാസി മലയാളികളുടെ അപ്രഖ്യാപിത യൂണിഫോറം ആയ ബര്‍മുഡ ആണ് ധരിക്കാറ് .. എന്നാ ഒന്ന് പരിചയപ്പെട്ടിരിക്കാം എന്ന് കരുതി ഞാന്‍ ചോദിച്ചു " മാര്‍ക്കറ്റിലോട്ടാണോ ?"
ആഹാ മലയാളിയാണോ ചേട്ടാ .. ഞങ്ങളും അങ്ങോട്ടാ ..
പറഞ്ഞു തീരുകേം ഒരു കാലി ഓട്ടോ വന്നു നിക്കുകേം ഒരുമിച്ചായിരുന്നു ..
"ചാടിക്കേറിക്കോ " ഞാന്‍ വിളിച്ചു പറഞ്ഞു .. ഓട്ടോയിലാണേലും ബീവറെജില്‍ ആണേലും ഇടിച്ചു കേറാന്‍ മലയാളികളെ കഴിഞ്ഞേ വേറെ ആളുള്ളൂ .. അവിടെനിന്നിരുന്ന സകല കൊഞ്ഞാണന്‍മാരെയും മണ്ടന്മാരാക്കിക്കൊണ്ട്‌ ഞങ്ങളാ ഓട്ടോയില്‍ ഇടിച്ചുകേറി .. വിശാലമായി ഒന്ന് ഇരിക്കുന്നതിനു മുന്‍പ് വണ്ടി മാര്‍ക്കറ്റില്‍ എത്തി .. തൃശ്ശൂര്‍ പൂരം നടക്കുമ്പോ ആള്‍ക്കാരുടെ നടുക്ക് വച്ച് ഫുള്ള് ഫ്രീ ആയി കൊടുത്താലുള്ള അവസ്ഥയാണ് മാര്‍ക്കറ്റില്‍ ..

"നാട്ടിലെവിടെയാ ..?" കൂട്ടത്തില്‍ ജിമ്മനായ ഒരു പയ്യന്‍ ചോദിച്ചു ..
"ആലപ്പുഴ" നിങ്ങളോ ..??
ഞങ്ങള് പാലാ ..
ഓ .. നമ്മടെ ബെര്‍ളിച്ചായന്റെ സ്ഥലം .. പുള്ളിയെ അറിയാമോ ..??
ആരാ .. കേട്ടില്ല .. ഒന്നൂടെ പറഞ്ഞെ ...
എന്‍റെ അമ്മോ.. മലയാളം ബ്ലോഗ്ഗര്‍ ബെര്‍ലിച്ചായനെ അറിയില്ലേ ..??
" ഠിം " എന്നൊരു ശബ്ദമാണ് പിന്നെ ഞാന്‍ കേട്ടത് .. പണ്ട് ദൂരദര്‍ശനില്‍ തടസ്സം വരുമ്പോള്‍ കേള്‍പ്പിക്കുന്ന മുസിക് തൊട്ടുപുറകെ തലയ്ക്കുള്ളില്‍ മുഴങ്ങി നിന്നു ... മാര്‍ക്കറ്റില്‍ ബോംബു പൊട്ടിയെന്നാണ് ആദ്യം ഞാന്‍ കരുതിയത്‌ .. കൂടുതലൊന്നും വിചാരിക്കാന്‍ ടൈം കിട്ടാതെ ഞാന്‍ മുന്നോട്ടു മറിഞ്ഞുവീണു .. പൂച്ചയ്ക്ക് കൊടുക്കാന്‍ കച്ചോടക്കാരന്‍ മാറ്റിയിട്ടിരുന്ന കുഞ്ഞുമീനുകളെ ചുംബിച്ചുകൊണ്ട് ഞാന്‍ നിലത്തുകിടന്നു .. ഇനി തിരിച്ചുവരില്ലെടാ പട്ടീ എന്ന് പറഞ്ഞോണ്ട് ബോധം അതിന്റെ പാട്ടിനു പോയി ...

കണ്ണ് തുറക്കുമ്പോള്‍ നല്ല എ/സി ഒക്കെ ഉള്ള ഒരു മുറിയിലാണ് .. നയന്‍താരയെ വയിറ്റ് വാഷ് ചെയ്തപോലെ ഒരു നേഴ്സ് അടുത്ത് നില്‍പ്പുണ്ട് ... കൂടെ ഉണ്ടായിരുന്ന മൂന്നു അവന്മാരെയും കാണുന്നില്ല .. എന്നാലും എന്തിനാ അവന്മാരെന്നെ പുറകീന്ന് അടിച്ചത് ..? "ബെര്‍ലിച്ചായന്‍ " എന്നു പറഞ്ഞാ ഇത്രേം മോശം വാക്കാണോ ..? അതോ ഇവന്മാരെപ്പെറ്റി  എങ്ങാനും ഇതിയാന്‍ ബ്ലോഗ്‌ എഴുതീട്ടുണ്ടോ ..?? ഇനി പണ്ടെങ്ങാനും പാലായില്‍ വച്ച് ഇവന്മാരുടെ പെങ്ങന്മാരെ വളയ്ക്കാന്‍ നടന്ന ആളാണോ അച്ചായന്‍ ..??? ക്വസ്റ്റിയന്‍ മാര്‍ക്കിന്റെ എണ്ണം കൂടുന്നതല്ലാതെ എനിക്കൊന്നും മനസിലായില്ല ..

" പേടിക്കണ്ട, കുഴപ്പമൊന്നുമില്ല അല്പംകൂടി വിശ്രമിച്ചോളൂ .. " നല്ല ശുദ്ധ മലയാളത്തില്‍ തന്നെ നേഴ്സ് പറഞ്ഞു .. ഓ .. ഇതും മലയാളിയായിരുന്നോ .. ജന്മവാസന കൊണ്ട് ഞാന്‍ ആദ്യം തന്നെ ചോദിച്ചത് "വീടെവിടാ " എന്നാണ് ... കുറേച്ചെയായി വന്നുകൊണ്ടിരുന്ന ബോധത്തെ വീണ്ടു കളയാന്‍ വേണ്ടി ആ പെണ്ണ് പറഞ്ഞത് "പാലാ" എന്നാണു .. ദൈവമേ .. ഇവിടെന്താ പാലാക്കാരുടെ പത്രസമ്മേളനമോ ..??

"ചേട്ടായിയേ .. മീന്‍ വാങ്ങിക്കണ്ടേ ..?? " ദാണ്ടെ വരുന്നു എന്നെ തല്ലിയ ചെറ്റകള്‍ ... വീണ്ടും ചൊറിയാനുള്ള വരവാണോ ..??
എന്നോട് നേരത്തെ എന്തെങ്കിലും വിരോധം ഉണ്ടായിരുന്നോ ..?? കരച്ചില് പോലാണ് ഞാന്‍ ചോദിച്ചത് ..

" ഇല്ല .. എന്താ ചേട്ടാ .?? "
പിന്നെ എന്തിനാടെയ് എന്നെ പുറകീന്ന് തല്ലിയത് ..??
" തല്ലിയെന്നോ .. ഞങ്ങളോ .. എന്‍റെ പൊന്നു ചേട്ടായീ, മാര്‍ക്കറ്റില്‍ മട്ടന്‍ വെട്ടിക്കൊണ്ടിരുന്ന മറാത്തിയുടെ കയ്യീന്ന് വെട്ടുകത്തി തെറിച്ചുപോയതാ .. അത് വന്നു കൊണ്ടത്‌ ചേട്ടന്റെ തലേലും .. ഭാഗ്യത്തിന് മുറിഞ്ഞില്ല .. ഞങ്ങള് ഈ ഹോസ്പിറ്റലില്‍ തന്നെ വര്‍ക്ക് ചെയ്യുന്നവരാ . അതുകൊണ്ടാ ഇങ്ങോട്ട് കൊണ്ടുവന്നത് .."
 
ഓഹോ .. അപ്പം അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് .. പാവം ബ്രാണ്ടിയെ .. അല്ല പിള്ളേരെ സംശയിച്ചു ... എന്നാ ഇനി വീട്ടില്‍ പോവാം ..
ആ പിള്ളേര് കൂടെ ഉണ്ടായിരുന്നതുകൊണ്ട് ബില്ലൊന്നും കൊടുക്കാതെ അവിടുന്ന് ഇറങ്ങി .. അടുത്ത ഓട്ടോയില്‍ കയറി മാര്‍ക്കറ്റില്‍ എത്തി .. ഇറച്ചിക്കടക്കാരന്‍ അവ .. സോറി .. അലവലാതി അവിടെ ഒന്നും സംഭവിക്കാത്തത് പോലെ ഇറച്ചി വെട്ടുന്നുണ്ട്‌ ... 

അയാളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ... " ബെര്‍ലിച്ചായന്‍ " ആ പേര് കേട്ടാല്‍ ആരുടെ കയ്യും ഒന്ന് വിറയ്ക്കും .. അച്ചായന്‍ വയാഗ്ര പോലെ ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്‌ ആണെന്ന് ഞാന്‍ ഓര്‍ത്തില്ല ... ഞാനിനി നാസയില്‍ പോയി ബെര്‍ലിച്ചായാ എന്ന് വിളിച്ചാല്‍ അവര് വിടുന്ന റോക്കറ്റ് തിരിച്ചുവന്നെന്റെ തലയില്‍ വീഴും .. പറന്നുപോകുന്ന വിമാനത്തിന്റെ പൈലറ്റ് കേട്ടാല്‍ എന്‍റെ മുതുകത്തു അവര് പ്ലയിന്‍ ലാന്‍ഡ് ചെയ്യിക്കും .. പിന്നാ മട്ടന്‍ വെട്ടുന്ന മറാത്തി ..!! എന്നെപ്പോലുള്ള ഊത്തകള്‍ക്കൊക്കെ ആ പേര് പറയാനുള്ള യോഗ്യത ഉണ്ടോടെയ് .. 

അച്ചായന്‍ തന്നെ പറഞ്ഞതുപോലെ "പേടി കലര്‍ന്ന ബഹുമാനത്തോടെ" മാത്രമേ ആ പേര് വിളിക്കാവൂ ... അല്ലെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കും ..  അച്ചായന്റെ പേരില്‍ ഉടനെ ഇറങ്ങാനിരിക്കുന്ന "DON'T DELETE THIS" എന്ന പേരുള്ള ഇ-മെയിലുകളില്‍ ഇനി എന്‍റെ പേരും കൂട്ടിച്ചേര്‍ക്കപ്പെടും .. അതിന്‍റെ ഒരു സാമ്പിള്‍ ഇതാ ..

==========================================


" DON'T DELETE THIS "

" ബെര്‍ലിച്ചായന്‍ " ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉച്ചരിക്കുന്ന വാക്ക് ..
ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ കാണുന്ന ഫോട്ടോ..

ഈ ഇ മെയില്‍ പ്രിന്റ്‌ എടുത്തു കിടപ്പുമുറിയില്‍ ഒട്ടിച്ചു വച്ചാല്‍ പത്തു ദിവസത്തിനകം നിങ്ങക്ക് ഒരു സന്തോഷവാര്‍ത്ത ലഭിക്കും ..
ഇതുമായി ബന്ധപ്പെട്ടു പതിനായിരങ്ങള്‍ക്ക് ഉണ്ടായ അനുഭവങ്ങള്‍ കേള്‍ക്കൂ

1. കാഞ്ഞിരപ്പള്ളിയില്‍ കറിയാ എന്ന് പേരുള്ള ഒരു പാവപ്പെട്ടവന്‍ തന്റെ സുന്ദരിയും മദാലസയുമായ മോള്‍ക്ക്‌ അച്ചായന്റെ ബ്ലോഗുകള്‍ അയച്ചു കൊടുക്കുകയുണ്ടായി .. 3 ദിവസത്തിനകം കറിയാച്ചന്റെ മോള്‍ ഏതോ അലവലാതിയുമായി ഒളിച്ചോടിപ്പോകുകയും അങ്ങനെ അവളെ കെട്ടിച്ചു വിടുന്നതിനുള്ള ഭീമമായ സാമ്പത്തിക ബാധ്യതയില്‍ നിന്ന് അയാള്‍ ഒഴിവാകുകയും ചെയ്തു .. പ്രൈസ്‌ ദി ലോര്‍ഡ്‌ ..

2. മുംബൈയില്‍ തെണ്ടിത്തിരിഞ്ഞു നടക്കുന്ന സതീശന്‍ എന്നോ മറ്റോ പേരുള്ള ഒരു അവിശ്വാസി വെറും കൂതറ ഭാഷയില്‍ അച്ചായന്റെ പേര് ഉച്ചരിക്കുകയും തത്സമയം തന്നെ ശൂന്യതയില്‍ നിന്ന് പറന്നുവന്ന വെട്ടുകത്തി തലയില്‍ കൊണ്ട് അബോധാവസ്ഥയില്‍ ആകുകയും ചെയ്തു .. സ്ത്രോത്രം ..

3. അച്ചായന്റെ ബ്ലോഗുകള്‍ പ്രിന്റ്‌ എടുത്തു കപ്പലുണ്ടാക്കി കളിച്ച 10 വസ്സുകാരന്‍ പയ്യനെ ഘടാഘടിയനായ ഒരു മുതല പിടിച്ചോണ്ട് പോകുകയുണ്ടായി ... എന്റമ്മച്ചീ .. 

4. അച്ചായനെ അവഗണിച്ചു കൂതറ ബ്ലോഗര്‍മാര്‍ മീറ്റിംഗ് നടത്തിയ സ്ഥലത്ത് ഉച്ചയ്ക്ക് തിന്നാനുള്ള ചക്കപ്പുഴുക്കിനെ ചൊല്ലി അടിയുണ്ടാവുകയും അങ്ങനെ മീറ്റിംഗ് അലമ്പാകുകയും ചെയ്തു

അതുകൊണ്ട് ഈ ഇമെയില്‍ അവഗണിക്കാതിരിക്കുക ... എല്ലാവര്‍ക്കും അയച്ചുകൊടുക്കുക .. കിട്ടുന്നതൊക്കെ വാങ്ങിച്ചോളുക ..

ശുഭം ....

N.B : ഈ ബ്ലോഗ്‌ എഴുതിയ ആള്‍ക്ക് എന്തൊക്കെ കിട്ടുമോ എന്തോ ..

2011, ജൂൺ 4, ശനിയാഴ്‌ച

ഒരു മഴ കൂടി .. ( മുംബൈ എഡിഷന്‍ )

വീണ്ടു മഴപെയ്യുകയാണ് ..
എന്നത്തേയും പോലെ ഈ മഴയും ഞാന്‍ നനഞ്ഞു ...
പുതുമണ്ണിന്റെ ഗന്ധം ആവോളം നുകര്‍ന്നു ..
 
പക്ഷെ ..
ഇത് നഷ്ട്ടപ്പെടലുകളുടെ മഴയായിരുന്നു ..
ഇലകളുടെ താളമില്ലാത്ത മഴ ...
അഴുക്കുചാലുകള്‍ തുറന്നുവിടുന്ന മഴ ...
വിഷത്തുള്ളികള്‍ മാത്രം പൊഴിയുന്ന മഴ ...
 
അതെ .. ഇതെന്റെ മഴയല്ല ..!!
പ്രണയിക്കാനറിയാത്ത മഴയെങ്ങനെ എന്റെതാവും ..??
ഇവിടെ മഴയെന്നാല്‍ തിരക്കാണ് ..
ഒഴിഞ്ഞ ഭിക്ഷാ പാത്രവുമായി തെരുവിലിരിക്കുന്ന -
ഒരു കുഞ്ഞിന്റെ വിഹ്വലമായ മുഖമാണ് ..
 
മനസ്സില്‍ കനിവിന്റെ ഉറവതുറക്കാത്ത -
ഈ മഴയെങ്ങനെ മഴയാവും ...??
അടര്‍ന്നുവീഴുന്ന മണ്ചുമരുകളുടെ ഇടയിലൂടെ
നീയെങ്ങിനെ സമാധാനമായി പെയ്തിറങ്ങും ...
 
കോണ്‍ക്രീറ്റ് കട്ടകളില്‍ തലതല്ലി വീഴുമ്പോള്‍
നിനക്കെങ്ങിനെ ചിരിക്കാന്‍ കഴിയും ..
നീ മഴയല്ല ... കുഴിമാടത്തില്‍ വിരിഞ്ഞ പൂവാണ് ..
നഷ്ട്ടങ്ങളെ മാത്രം ഓര്‍മ്മിപ്പിക്കാന്‍ വന്നവള്‍ ..

2011, മേയ് 27, വെള്ളിയാഴ്‌ച

മഴ ..

മഴ ...
പ്രപഞ്ച സംഗീതത്തിലെ ആദിതാളം ..
ഇലകളെ നൃത്തം വയ്പ്പിച്ച് ഒരു സന്ധ്യക്ക്‌ വന്നവള്‍ ..

മഴ ..
പാതി വായിച്ചു നിര്‍ത്തിയ രാമായണത്തിന്റെ ഓര്‍മ ..
ചാവുമണം പുരണ്ട കര്‍ക്കിടകത്തിന്റെ ഒരു നനവാര്‍ന്ന ചുംബനം ..

മഴ ..
കൈക്കുടന്നയില്‍ വീണുടഞ്ഞ തെളിനീര്‍ക്കണം ..
വരണ്ടുണങ്ങിയ മനസിന്‌ പ്രകൃതിയുടെ അമൃതവര്‍ഷം ..

മഴ ..
നനഞ്ഞൊട്ടിയ സ്കൂള്‍ യൂണിഫോമിന്റെയും പിന്നെ -
കാല്‍കൊണ്ടു തട്ടിത്തെറിപ്പിച്ച ചെളിവെള്ളത്തിന്റെയും ഓര്‍മ ..

മഴ ..
ഉയര്‍ന്നു പൊങ്ങുന്ന പുതുമണ്ണിന്റെ ഗന്ധം .. പിന്നെ -
നിറുകയില്‍ തിരുമ്മിയ രാസ്നാദി പൊടിയുടെ നറുമണം ..

മഴ ...
അമ്മ കോരിത്തന്ന ചൂട് കഞ്ഞിയുടെ സ്വാദ് .. പിന്നെ -
അതില്‍ വീണു കലര്‍ന്ന കണ്ണീരിന്റെ ഉപ്പ് ..

മഴ ..
ഒരു മിന്നലിന്റെ വെളിച്ചത്തില്‍ കുടചൂടി വരുന്ന അച്ഛന്റെ രൂപം . പിന്നെ -
പിന്നാലെ വന്ന ഒരു ഇടിമുഴക്കത്തിന്റെ നടുക്കം ..

മഴ ...
അടര്‍ന്നുവീണ പഴമാങ്ങയുടെ മധുരം .. പിന്നെ -
മുഖത്തൊട്ടിയ മാഞ്ചുനയുടെ നീറ്റല്‍ ..

മഴ ...
നിന്‍റെ മുടിയിഴയില്‍ നിന്നൂറിയ ജലകണത്തിന്റെ തിളക്കം .. പിന്നെ -
ഒരു കുടക്കീഴിലെ നടപ്പിന്റെ നാണം ...

മഴ ..
യാത്രപറയാതെ പോയ ഒരു കൂട്ടുകാരന്റെ ഓര്‍മ .. പിന്നെ -
അവനായി കരുതിവച്ചിരുന്ന പൊതിച്ചോറിന്റെ സങ്കടം ...

മഴ ..
കുത്തിപ്പായുന്ന പുഴയുടെ ചിലമ്പല്‍ .. പിന്നെ -
അരയൊപ്പം പൊങ്ങിയ വെള്ളത്തിന്റെ തണുപ്പ് ..

മഴ ..
രാത്രികളില്‍ കേട്ടുറങ്ങിയ തവളകളുടെ മഴപ്പാട്ട് ... പിന്നെ -
നീ പെയ്തൊഴിഞ്ഞു പോയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ ഒരു നൊമ്പരം ..

അങ്ങനെ .. അങ്ങനെ ..

2011, മാർച്ച് 29, ചൊവ്വാഴ്ച

ഒരു തല്ലു കിട്ടിയിരുന്നെങ്കില്‍ .. ല്‍ല്‍ല്‍.......!!! ( തിരഞ്ഞെടുപ്പ് ന്യൂസ്‌ )

ഒരു തല്ലു കിട്ടിയിരുന്നെങ്കില്‍ ..ല്‍ല്‍ല്‍....!!! (തിരഞ്ഞെടുപ്പ് ന്യൂസ്‌ )

ആഹാ .. തുടങ്ങി .. അടി പൊട്ടി തുടങ്ങി .. ഇപ്പോഴാണ് തെരഞ്ഞെടുപ്പു അങ്ങട് ഉഷാറായത് ... വിശുദ്ധ ഷാജഹാന് സ്ത്രോത്രം .!! ഇനി ഇപ്പൊ ഇതങ്ങു കത്തി കേറിക്കോളും. ഒരെണ്ണം ഹിറ്റ്‌ ആയപ്പോ തന്നെ അടുത്തത് വന്നു കഴിഞ്ഞു . തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഒരു അടി പരമ്പര തന്നെ പ്രതീക്ഷിക്കാവുന്നതാണ് .. പ്രിയ പ്രേക്ഷകരെ .. ടീവീ ഓഫ്‌ ആക്കരുതേ ..എല്ലാരും ഹെലികൊപ്ടരും സാന്റിയാഗോ മാര്‍ട്ടിനും മാത്രം കണ്ടു ബോര്‍ അടിച്ചു ഇരിക്കുവാരിരുന്നു എന്ന് എനിക്കറിയാം .. അപ്പോഴല്ലേ ആക്ഷന്‍ പാക്ക്ഡ് റിപ്പോര്‍ട്ട്‌ വന്നത് .. ഞമ്മടെ പൊരിക്കളം പരിപാടീല്‍ വെറും സാധുവായ ജയരാജേട്ടനെ പൊരിച്ചോണ്ട് നിന്ന ഷാജഹാന്‍ മോനെ ഏതോ വഴിപോക്കര്‍ വന്നു സ്വീകരണം കൊടുത്തു പോയെന്നും അത് കണ്ടു മനസ്സലിഞ്ഞ ജയരാജേട്ടന്‍ പാവം ഷാജഹാന് ഉണ്ടംപൊരി വാങ്ങി കൊടുത്തെന്നും ഒക്കെ .. ( പാവങ്ങള്‍ക്ക് ഉണ്ടംപൊരി കൊടുക്കുന്നത് ഒരു രോഗമാണോ ഡോക്ടര്‍ ..? ) .. എന്നിട്ട് എന്തായി ..? സാധുക്കളില്‍ സാധുവായ ജയരാജേട്ടനെ എല്ലാവരും കൂടി നാറ്റിച്ചില്ലേ  ..? 

അടുത്ത ഇര ദിവാകരേട്ടന്‍ ആണ് .. റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് വോട്ടു ചോദിച്ച ദിവാകരേട്ടന്‍ അരിവാളിന് കുത്തില്ലെടാ പന്നീ എന്ന് പറഞ്ഞ സുധാകരേട്ടന് വേറൊരു ടൈപ്പ് ഉണ്ടംപൊരി സമ്മാനിക്കുക ഉണ്ടായത്രേ .. വാര്‍ത്ത വന്നപ്പോ ദിവാകരേട്ടന്റെ പ്രതികരണം ഇങ്ങനെ : "ഞാന്‍ അയാളോട് വോട്ടു ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ , ഉണ്ടംപൊരി കൊടുത്തത് വേറെ ആരോ ആണ് .. തന്നെയുമല്ല പാര്‍ട്ടി പരമ്പരാഗതമായി പരിപ്പുവടയെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത് , ഉണ്ടംപൊരി അല്ല" ... 

എന്തായാലും പണി കിട്ടിയത് ആലപ്പുഴയുടെ സ്വന്തം ഷുക്കൂറിക്കായ്ക്കായ്ക്കാണ് .. കക്ഷിയെ ഏതാനും ദിവസം മുന്‍പ് ആലപ്പുഴയില്‍ പരിപ്പുവട പാര്‍ട്ടിക്കാര്‍ തടഞ്ഞു വയ്ക്കുക ഉണ്ടായത്രേ .. ഉണ്ടംപൊരി പരിപാടി തുടങ്ങി കഴിഞ്ഞായിരുന്നെങ്കില്‍ "അയ്യോ എനിക്കും കിട്ടിയേ ഉണ്ടംപൊരി" എന്ന് നെഞ്ചത്തലച്ചു കരയാമായിരുന്നു .. സ്റാര്‍ ആകാനുള്ള സുവര്‍ന്നാവസരമല്ലേ കൈവിട്ടു പോയത് ..    ഏതായാലും ഇത് അടിയുടെ സീസണ്‍ ആണ് . ഇനിയും പല അടികള്‍ പൊട്ടുകയും ചീറ്റി പോകുകയും ചെയ്യും .. അപ്പൊ വായിക്കാനുള്ള റിപ്പോര്‍ട്ട്‌ നേരത്തെ തയ്യാറാക്കി വയ്ക്കുകയാണ് .. ദയവായി പുറത്തു വിടരുത് ..

1. വീയെസ്സ് എന്നെ കണ്ണിറുക്കി കാണിച്ചു : ദശമൂലം അമ്മിണി
മലമ്പുഴയില്‍ പ്രസങ്ങിച്ചുകൊണ്ട് നിന്ന വീയെസ്സ് തന്നെ കണ്ണിറുക്കി കാണിച്ചെന്നു നാട്ടിലെ പ്രശസ്തയായ ദശമൂലം അമ്മിണി ചേച്ചി ആരോപിക്കുകയുണ്ടായി , ഇതേക്കുറിച്ച് വീയെസ്സിന്റെ പ്രതികരണം ഇങ്ങനെയാണ് : " ഞാന്‍ കണ്ണടച്ചാണ് പ്രസങ്ങിക്കുന്നത് എന്ന് കൊച്ചു പിള്ളേര്‍ക്ക് പോലും അറിയാം , പിന്നെ "ഏതോ ഒരുത്തി" വേണ്ടാതീനം പറഞ്ഞാല്‍ എന്‍റെ പെമ്പ്രന്നോരു പോലും വിശ്വസിക്കില്ല ..

2. രമേശ്‌ ചെന്നിത്തല ഹെലികോപ്ടറില്‍ നിന്നും എന്‍റെ തലയില്‍ തുപ്പിയിട്ടു : ഹരിപ്പാട്‌ ഹരിഹരന്‍
ഹരിപ്പാട്ടെക്ക് ഹെലികോപ്ടറില്‍ പറക്കുകയായിരുന്ന ചെന്നിത്തല നാട്ടിലെ അറിയപ്പെടുന്ന എല്‍ ഡി എഫുകാരനായ തന്റെ തലയില്‍ കൃത്യമായി തുപ്പിയിട്ടു എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം . പ്രചാരണത്തിന് വീര്യം കൂടാന്‍ ബീവറെജിന്റെ മുന്‍പില്‍ നിന്നപ്പോഴാണ്  സംഭവം എന്നും അദ്ദേഹം പറഞ്ഞു ..
പ്രതികരണം  : ഹരിപ്പാട്ടെക്ക് താന്‍ ഹെലികോപ്ടറില്‍ പോകുമ്പോ ആകസ്മികമായി അതിന്റെ അടിയിലൂടെ പറന്നു പോയ കാക്ക തൂറിയതിനെ മദ്യപിച്ചു മദോന്മത്തനായ ഹരിഹരന്‍ തെറ്റിദ്ധരിക്കുകയായിരുന്നു .. സത്യത്തില്‍ പ്രസംഗിച്ചു പ്രസംഗിച്ചു എന്‍റെ വായില്‍ തുപ്പല്‍ എന്നൊരു സാധനമേ ഇല്ല ..

3. കെ. സുധാകര കശ്മലന്‍ എന്നെ തുണി പൊക്കി കാണിച്ചു : കണ്ണൂര്‍ കുഞ്ഞാമിന
രാവിലെ പല ചരക്കു കടയില്‍ പോയ തന്നെ പ്രകടനമായി വന്ന സുധാകരനും സംഘവും തുണിപൊക്കി കാണിച്ചു എന്നാണ് കണ്ണൂരില്‍ നിന്നും കുഞ്ഞാമിന ആരോപിക്കുന്നത് ..
പ്രതികരണം : പോക്രിത്തരമല്ലേ പറയുന്നത് .. ഞാനൊരു കൂ.. കൂ .. അല്ല കുഞ്ഞാമിനേം പൊക്കി കാണിച്ചില്ല .. എല്‍ ഡീ ഏഫ്   ഭരിക്കുന്ന പഞ്ചായത്താണ് അത് .. അഴിമതി ഭരണം കൊണ്ട് കുളമായ റോഡിലെ ചെളി പറ്റാതിരിക്കാന്‍ വേണ്ടി മുണ്ടല്പം പൊക്കിയതിന്  ആണ് ഇമ്മാതിരി അവ## . സോറി അനാവശ്യം പറയുന്നത് .. പണ്ട് സൈക്കിളെന്നു വീണു മുറിഞ്ഞ പാടുപോലും അവര് കണ്ടു കാണുകേല .. പണ്ട് ഐഡിയ സ്റാര്‍ സിങ്ങറില്‍ കേറിപ്പറ്റി ഫേമസ് ആകാന്‍ പോയതാ അവള് .. അത് നടക്കാഞ്ഞപ്പോ സ്റാര്‍ ആകാന്‍ വേറെ വഴി കണ്ടതാ ..*$@#$$@$ ...

കണ്ടോ .. സ്റാര്‍ ആകാന്‍ എന്തെന്തു വഴികള്‍ ..!!! മടിച്ചു നില്‍ക്കാതെ ഏതെങ്കിലും ലോക്കല്‍ നേതാവിന്റെ വീട്ടില്‍ കേറി തന്തയ്ക്കു വിളിക്കൂ .. ഉണ്ടംപൊരി വാങ്ങൂ .. സ്റാര്‍ ആകൂ ... ഞാന്‍ ബോംബേല്‍ ആയിപ്പോയി .. ഈശ്വരാ .. ഒരു തല്ലു കിട്ടിയിരുന്നെങ്കില്‍ .....

2011, മാർച്ച് 24, വ്യാഴാഴ്‌ച

ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ..??

ഈ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ..??

     കുഞ്ഞു പ്രായം മുതല്‍ ചെല സില്‍മേലും മറ്റും കേട്ടിട്ടുള്ള ഡയലോഗ്  ആണ് ഇത് .. ബോംബെ വഴി ട്രെയിനില്‍ പോകുക മാത്രം ചെയ്ത ചെലരും നാട്ടിലെത്തിയാല്‍ ഇത് ഒരു വെയിറ്റിനു വെച്ച് കാച്ചും .. മൂന്നോ നാലോ വര്‍ഷമായി ബോംബയില്‍ താമസിക്കുകയും ധാരാവി എന്ന സ്ഥലം തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷന്റെ പുറത്തുള്ള നടപ്പാലത്തില്‍ നിന്നു ബ്യ്നോക്കുലര്‍ വഴി മാത്രം നോക്കി കാണുകയും  ചെയ്ത ചില എമ്പോക്കി സുഹൃത്തുക്കള്‍ , ഈയുള്ളവന്‍ ജോലിചെയ്തു പിഴയ്ക്കാനായി ബോംബയില്‍ എത്തിയപ്പോള്‍ ഇതേ ചോദ്യം തന്നെ അതി ഭീകരമായി അവതരിപ്പിക്കുകയും ചെയ്തു ... മേല്‍പ്പറഞ്ഞ അവസരങ്ങളിലോക്കെയും ഭയങ്കരമായ വിനയത്തോടെ തലകുനിച്ചു നില്‍ക്കാനായിരുന്നു എന്‍റെ വിധി ... കാരണം, ധാരാവി എന്താണെന്ന് എനിക്ക് അറിയില്ല .. അത്രതന്നെ .!!

      എന്നാ ഇനി മുതല്‍ അങ്ങനെ അല്ല .. ഞാനും ഇനി ചോദിക്കും ... നാട്ടില്‍ ചെല്ലുമ്പോ മുട്ടാന്‍ വരുന്ന എല്ലാ അവന്മാരോടും ഞാന്‍ ചോദിക്കും .. സാലേ, കുത്തേ കമീനേ .. നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോടെയ് .. ?? എന്നിട്ട് ബുഹുഹുഹാ എന്ന് നീട്ടി ചിരിക്കുകേം ചെയ്യും ... മോഹന്‍ലാല്‍ പറഞ്ഞപോലെ ധാരാവി എന്ന സിംഹത്തിന്റെ മടയില്‍ ചെല്ലുകയും അവിടുത്തെ സൂപ്പര്‍ താരങ്ങളായ തമ്മനം ഷാജി , മട്ടാഞ്ചേരി ഷിബു തുടങ്ങിയവരുമായി ഏറ്റുമുട്ടുകയും, എല്ലാത്തിന്റെം ചന്തിക്ക് നാല് പെട കൊടുത്തിട്ട് സ്ലോ മോഷനില്‍ നടന്നു വരികയും ചെയ്തിട്ടൊന്നുമല്ല ഞാന്‍ ഇങ്ങനെ പറയുന്നത് .. എന്നാലും മറ്റെല്ലാ അവന്മാരെക്കാളും അത് പറയാനുള്ള യോഗ്യത ഇപ്പൊ എനിക്കാണ് ... ബ്ലോഗര്‍മാരേ അഭിമാനിക്കുവിന്‍ ...!! എനിക്ക് ഈ സുവര്‍ണ ചകോര ബഹുമതി ലഭിച്ചതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നതിനു ബഹു ( മോളിലും താഴെയും രണ്ടു കുത്ത് ) സെന്‍ട്രല്‍ റെയില്‍വേയോടാണ് ... ഇനി സസ്പെന്‍സ് വേണ്ട .. ഉള്ള കാര്യം പറയാം ..


   മാര്‍ച്ച് മാസത്തിലെ ആദ്യവാരം മുംബൈ നഗരത്തിലെ ഒരു പ്രഭാതം പൊട്ടി വിരിഞ്ഞു .. ഇല്ല, വിരിഞ്ഞില്ല ... സാന്താക്രൂസ് വിമാനത്താവളത്തില്‍ ആളെ ഇറക്കാനായി താഴ്ന്നു പറക്കുന്ന അഞ്ചു പത്തിന്റെ നമ്മുടെ മല്യ അമ്മാവന്റെ വീമാനത്തില്‍ വെളുപ്പിന് വച്ച സുപ്രഭാതം റെക്കാഡ് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .. ഒന്‍പതു മണിക്ക് മുന്‍പേ ഓഫീസില്‍ ചെല്ലെണ്ടതാണ് .. അതിനുമുന്‍പ്‌ എന്തെല്ലാം ജോലികള്‍ .. പല്ലുതേപ്പ് , കുളി തുടങ്ങിയ തീര്‍ത്തും അനാവശ്യമായ ചില കാര്യങ്ങള്‍ക്ക് പുറമേ അത്യാവശ്യമുള്ള ചോറും കറിയും ഉണ്ടാക്കുകയും വേണമല്ലോ .. കണ്ണ് തിരുമ്മി എഴുന്നേല്‍ക്കാന്‍ കൈ തപ്പി നോക്കിയപ്പോള്‍ ഇടത്തേ കൈ ലോ ബാറ്ററി കാണിച്ചു നില്‍ക്കുന്നു .. എന്നുവച്ചാ അത് അനങ്ങുന്നില്ല .. നല്ല വേദനയും ഉണ്ട് .. തലേ ദിവസം കുര്‍ള സ്റ്റേഷനില്‍ നിന്നു ട്രെയിന്‍ കേറിയപ്പോ വാതില്പടിയിലെ കമ്പി വളയ്ക്കാന്‍ പോയതിന്റെ ആഫ്ടര്‍ എഫക്റ്റ് ... ഒരുതരത്തില്‍ എല്ലാം തീര്‍ത്തു ഓഫീസില്‍ പോകാന്‍ ഇറങ്ങി ... 7.30 ആയപ്പോ റെയില്‍വേ സ്റ്റേഷനില്‍ എത്തി ... അതാ വരുന്നു , സകല കൂതറകളേയും കുത്തി നിറച്ചുകൊണ്ട് ട്രെയിന്‍ വരുന്നു ... മുംബയിലെ ലോക്കല്‍ ട്രെയിനില്‍ കയറിപ്പറ്റാന്‍ ഉള്ള പെടാപ്പാടു കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല .. ഈ ഒരു സാമ്പിള്‍ വീഡിയോ കണ്ടു നോക്കൂ ...



     കണ്ടോ ..? നാല് കൈ ഉണ്ടെങ്കില്‍ പറ്റില്ല പിന്നെയാ ഒരു കയ്യുമായി ഞാന്‍ ... അങ്ങനെ ആ ട്രെയിന്‍ പോയി .. പിന്നെയും മൂന്നു ട്രെയിന്‍ കൂടി എന്നേ കൊഞ്ഞനം കുത്തി കാണിച്ചോണ്ട് പാഞ്ഞുപോയി ...  ഇനി ഇങ്ങനെ നിന്നാല്‍ ജോലി വേറെ ആമ്പിള്ളേര്‍ കൊണ്ടുപോകും .. എന്താ ഒരു വഴി ..?

പെട്ടെന്നാണ് തലയ്ക്കുള്ളില്‍ നിലാവെളിച്ചം വീണത്‌ .. ആ വെളിച്ചമാണ് ഈ അഭിമാനര്‍ഹാമായ നേട്ടത്തിന് പിന്നില്‍ എന്ന് ഞാന്‍ ഓര്‍മിപ്പിക്കട്ടെ ... എന്തായിരുന്നു ആ വെളിച്ചം ...? അത് ഒരു ചെറിയ ആശയം ആയിരുന്നു .. എല്ലാ ലോക്കല്‍ ട്രെയിനിലും രണ്ടോ മൂന്നോ വികലാംഗ കമ്പാര്‍ട്ട്മെന്റ് കാണും .. തിക്കും തിരക്കും പിടിക്കാതെ സമാധാനമായി കേറാം , ഇറങ്ങാം ...  ആഹാഹ .. ഒരര്‍ത്ഥത്തില്‍ ഞാനും ഇപ്പൊ വികലാംഗന്‍ ആണല്ലോ എന്ന ധൈര്യം മനസുല്‍ വച്ച് ഞാനും പതിയെ അതില്‍ കയറി കൂടി ... എന്തൊരു സുഖം .. ഇനി എന്നും ഇതില്‍ തന്നെ അങ്ങ് പോകാം എന്ന ഒരു വിചാരവും അപ്പൊ മനസ്സില്‍ വന്നു ... സത്യമായും ഇടി കൊള്ളാന്‍ വയ്യാഞ്ഞിട്ടാണ് ... തൊട്ടപ്പുറത്ത് ഞെങ്ങി ഞെരുങ്ങി കഷ്ട്ടപ്പെടുന്ന പാവങ്ങളെ കൊതിപ്പിച്ചുകൊണ്ട്‌ ഞാന്‍ അങ്ങനെ നിന്നു .. അപ്പൊ ഞാന്‍ ഓര്‍ത്തതേ ഇല്ല , എന്തോ വലുത് വരാന്‍ പോവാണ് എന്ന് ... 

     അങ്ങനെ വണ്ടി ദാദര്‍ സ്റ്റേഷനില്‍ എത്തി ... ആദ്യത്തെ വികലാംഗന്‍ ആയി ഞാന്‍ ഇറങ്ങേണ്ട താമസം , അതാ തോളത്തൊരു കൈ .. !! എന്നിട്ട് ഒരു ചോദ്യവും , " സര്‍ട്ടിഫിക്കറ്റ് ??" പോയി .. സകല ഗ്യാസും പോയി ... റെയില്‍വേ പോലീസിന്റെ ചെക്കിംഗ് ആണ് .. ഞാന്‍ ആകെ കയില്‍ ഉള്ള റെയില്‍വേ പാസ് എടുത്തു കാണിച്ചു .. പോലീസുകാരന്റെ മുഖത്ത് ഒരു ചിരി പരന്നു .. വികലാംഗ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യാന്‍ പ്രത്യേക സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഞാനുണ്ടോ അറിയുന്നു ... സത്യത്തില്‍ ഞാന്‍ ഇപ്പൊ വികലാംഗന്‍ ആണെന്നും , കൈ വയ്യാത്തത് കൊണ്ടാണ് ഇവിടെ കയറിയത് എന്നും അറിയാവുന്ന ഹിന്ദി ഒക്കെ വച്ച് ഞാന്‍ പറഞ്ഞു ... കിലുക്കം സില്‍മേല്‍ സമര്‍ഖാനോട് നിശ്ചല്‍ ഹിന്ദി പറയുന്ന സന്ദര്‍ഭം നിങ്ങള്ക്ക് വേണമെങ്കില്‍ ഓര്‍ക്കാവുന്നതാണ് ..
എന്ത് പ്രയോജനം .. ദേ കിടക്കുന്നു ലോകകപ്പില്‍  സോറി ലോക്കപ്പില്‍ ...!! പുറത്തുനിന്നും അത് പൂട്ടി പോലീസുകാരന്‍ പോയപ്പോ കിരീടത്തിലെ മോഹന്‍ലാലിന്റെ ഭാവമായിരുന്നു എനിക്ക് ... ഒരു ചെറിയ കമ്പി വലയിലൂടെ പുറത്തെ കാഴ്ചകള്‍ കാണാം .. ആള്‍ക്കാര്‍ സ്വതന്ത്രരായി അങ്ങനെ നടക്കുന്നത് കാണുമ്പോ ആണ് ബന്ധനത്തിന്റെ അസ്വസ്ഥത മനസിലാവുന്നത് ... നമ്മുട മുന്‍ മന്ത്രി ബാലകൃഷ്ണപിള്ള അദ്ദേഹം ജയിലി എല്ലാ സൌകര്യവും ഉണ്ടായിട്ടും പരോള്‍ വേണം പരോള്‍ വേണം എന്ന് വിളിച്ചു കൂവുന്നതിന്റെ കാര്യം ഇപ്പൊ അല്ലെ മനസിലായത് ... അങ്ങ് കേരളത്തില്‍ ഒരു ബഹുമാന്യ നായരെ പിടിച്ചു ജയിലില്‍ ഇട്ടിരിക്കുന്നു .. ഇങ്ങു മുംബൈയില്‍ വേറൊരു അതി ബഹുമാന്യ നായരെ പിടിച്ചു ലോക്കപ്പില്‍ ഇട്ടിരിക്കുന്നു .. നായന്മാര്‍ക്കെന്താ ഇവിടെ ജീവിക്കണ്ടേ ..??


    എന്തായാലും അധികം ബോറടിക്കേണ്ടി വന്നില്ല .. ഒരു പത്തു മിനിട്ട് കഴിഞ്ഞപ്പോഴേക്കും ഒന്നിന് പുറമേ ഒന്നായി സഹ തടവുകാര്‍  എത്തിക്കൊണ്ടിരുന്നു .. എല്ലാം ഒരേ കുറ്റം ... ഞാനായിരുന്നു ഇന്ന് പോലീസുകാരുടെ കണി .. അത് എന്തായാലും ഏറ്റു .. പന്ത്രണ്ടാമതായാണ് അയാള്‍ എത്തിയത് .. അമരീഷ് പുരിയുടെ അത്രേം വരില്ലെങ്കിലും അദ്ദേഹത്തിന്റെ അമ്മാവന്റെ മോന്‍ ആകാന്‍ യോഗ്യത ഉള്ള ഒരു യമകണ്ടന്‍ സാധനം .. പോലീസുകാരോട് ഒരു അക്ഷരം പോലും പറയാതെ സ്വന്തമായി ലോക്കപ്പ് തുറന്നു അയാള് അകത്തു കേറി നിന്നു .. കേറിയപാടെ എല്ലാവരേം ഇരുത്തി ഒന്ന് നോക്കി .. ഇടിവെട്ട് അണ്ണാ ഇടിവെട്ട് ... എന്താ ഒരു സ്റ്റൈല്‍ .. ബിഗ്‌ ബി സില്‍മേലെ മമ്മൂക്ക ഇതൊന്നു വന്നു കാണണം ... ചമ്മി പോയേനെ .. !!

    പോലീസുകാരുടെ ക്വാട്ട തികഞ്ഞു എന്ന് തോന്നുന്നു , ഒരുത്തന്‍ വന്നു എല്ലാവരുടേം പേരും അഡ്രസ്സും എഴുതി എടുത്തു .. കൂട്ടത്തില്‍ ചെയ്ത കുറ്റവും .. നമ്മുടെ നാട്ടില്‍ പെറ്റി അടിക്കുമ്പോ പേരും അഡ്രസ്സും മാറ്റി "ബാബു - ബാബുഭവനം" എന്നൂക്കെ പറഞ്ഞു പോലീസുകാരെ ഊശിയാക്കുന്ന പരിപാടി എന്‍റെ മനസ്സില്‍ വന്നെങ്കിലും സ്ഥലം വേറെ ആയതുകൊണ്ട് വേണ്ടാന്ന് വച്ചു .. വീണ്ടും ആകാംക്ഷയുടെ മണിക്കൂറുകള്‍ .. എന്താ ഇവന്മാരുടെ അടുത്ത പരിപാടി ... അടുത്ത് നില്‍ക്കുന്ന ചിലരോട് ഞാന്‍ ഇങ്ങനെ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു ... പക്ഷെ അവരെല്ലാം എന്നെപ്പോലെ കന്നി അങ്കം ആയിരുന്നു ... അപ്പോഴാണ്‌ ആ ഘനഗംഭീര ശബ്ദം മുഴങ്ങിയത് .. "കുച്ച് നഹീ കരേഗാ ഭായ് .. തും ഡരോ മത് .. അബ് വീ ടീ കോര്‍ട്ട് മേ ലേകേ ജായേഗാ .. " നമ്മുടെ ബിഗ്‌ ബി അണ്ണന്‍ ആണ് .. പുള്ളി എക്സ്പീരിയന്‍സിഡ് ആണ് .. കോടതിയില്‍ കൊണ്ടുപോയി ഫൈന്‍ അടപ്പിക്കാന്‍ ആണ് പരിപാടി ... ഹാവൂ .. ആശ്വാസം .. !!

   വീണ്ടും കുറെ സമയം കൂടി ബോര്‍ അടിച്ചു ഇരിക്കേണ്ടി വരും എന്ന് ഉറപ്പായിരുന്നു ... എന്നാ നമ്മുടെ അണ്ണനെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി .. ആറര അടി പൊക്കത്തിനു മുകളിലേക്ക് നോക്കിയാണ് ചോദിച്ചത് .. ഹിന്ദിയാണ്‌ .. നിങ്ങള്ക്ക് മലയാളത്തില്‍ പറഞ്ഞു തരാം .. എവിടുന്നു വരുന്നണ്ണാ ?? അപ്പൊ വന്ന മറുപടി കേട്ട് ഞാന്‍ ഞെട്ടിത്തരിച്ചു ... " ധാരാവി " ... വേറെ ഒന്നും ചോദിയ്ക്കാന്‍ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു ... മിണ്ടാതെ ഒരു മൂലയ്ക്ക് പോയി നിന്നു .. കുറച്ചു കഴിഞ്ഞപ്പോ പഴയ പോലീസുകാരന്‍ യൂണിഫോമില്‍ വന്നു , മുന്നില്‍ നിന്ന രണ്ടു പേരെ ചേര്‍ത്ത് നിര്‍ത്തി ഓരോ കൈ വീതം തൂവാല കൊണ്ട് കെട്ടുകയാണ് .. ഇത് എന്താ സെറ്റപ്പ് ... ഓ .. സിംബോളിക് ആയിരിക്കും .. അവസാനം  രണ്ടു പേര്‍ മാത്രം ആയി .. ആരൊക്കെയാ .. ഞാനും ആ അണ്ണനും ... പോലീസുകാരന്‍ അണ്ണനെ മൊത്തത്തില്‍ ഒന്ന് നോക്കി .. എന്നിട്ട് എവിടെക്കോ പോയിട്ട് വന്നു .. ഈശ്വരാ ദേ ഒറിജിനല്‍ വിലങ്ങ് ..!! അണ്ണന്റെ സെറ്റപ്പ് ഒക്കെ കണ്ടു ഒരു പന്തികേട്‌ ഒക്കെ തോന്നിയിട്ടാവും ... അതാ വയ്ക്കുന്നു കൈകളില്‍ വിലങ്ങ് .. എന്‍റെ വലതു കയ്യും അണ്ണന്റെ ഇടതു കയ്യും ... എന്നിട്ട് ഒരു കല്പനയും .. " ആഗെ ചലോ " .. അങ്ങനെ ഞങ്ങളെ ഏറ്റവും മുന്‍പില്‍ കൊണ്ട് നിര്‍ത്തി .. ആനയും ആടും ചേര്‍ന്ന് നിന്നാല്‍ എന്താണെന്ന് നിങ്ങള്‍ ഊഹിച്ചു നോക്കിക്കോളൂ ..

ട്രെയിനുകളില്‍ തിരക്ക് കുറഞ്ഞു തുടങ്ങിയിരുന്നു .. എല്ലാവരും നടക്കാന്‍ ഉള്ള ആജ്ഞ വന്നു .. തിരക്കുള്ള പ്ലാട്ഫോമിലൂടെ ഞങ്ങളെ എങ്ങോട്ടോ നടത്തുകയാണ് .. ഞാനും അണ്ണനും ഏറ്റവും മുന്നില്‍ .. ട്വന്റി - ട്വന്റി സില്‍മേലെ ലാലേട്ടനെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സീന്‍ ആണ് ഓര്‍മ വന്നത് .. വന്നു പൊയ്ക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ യാത്രക്കാരും , പ്ലാട്ഫോമില്‍ നില്‍ക്കുന്നവരും ഞങ്ങളെ ഇങ്ങനെ നോക്കുകയാണ് ... ഉടനെ വന്നു അണ്ണന്റെ കമന്റ് .. "30 കോടി കട്ടവന്‍ വെറുതെ നടക്കുന്നു , ഇന്നലെ 3  കൊച്ചു പെണ്‍കുട്ടികളെ താനെയില്‍ ബലാല്‍സംഗം ചെയ്തു ..അവനും വെറുതെ നടക്കുന്നു .. നീ എവിടെ പോയതാ ..?" "ഓഫീസില്‍" .. ഞാന്‍ പറഞ്ഞു .. "ഇതാ ഈ പട്ടികളെ ഒന്നും ധാരാവിയില്‍ കയറ്റാത്തത് , അവിടെ ഈ വിലങ്ങുമായി ഒരുത്തനും വരില്ല .. !!" സത്യത്തില്‍ അയാളുടെ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ ചിരി ഉണ്ടായിരുന്നു ... !!


  പ്ലാട്ഫോമിന്റെ അങ്ങേ അറ്റത്തു ചെന്നപ്പോ വന്ന ഒരു ദീര്‍ഘ ദൂര ട്രെയിനില്‍ കയറ്റി ഞങ്ങളെ സി എസ്‌ ടി കോടതിയില്‍ എത്തിച്ചു ... പണ്ട് അജ്മല്‍ കസബ് കേറി മേഞ്ഞ സ്ഥലത്തുകൂടി ആണ് ഞങ്ങളെ കൊണ്ടുപോകുന്നത് .. സത്യമായും ആ സ്ഥലത്ത് പോകുമ്പോ ഇപ്പോഴും എന്‍റെ ശരീരത്തു കൂടി ഒരു തണുപ്പ് കേറും ... കോടതിക്ക് പുറത്തുവച്ച് വിലങ്ങഴിച്ചു .. ഇനി ജഡ്ജി അങ്ങുന്നിന്റെ വരവും കാത്തുള്ള ഇരിപ്പാണ് .. നീണ്ട ഒന്നര മണിക്കൂര്‍ അവിടെ .. അവസാനം അങ്ങുന്നു വന്നു .. ഓരോ ബാച്ച് ആയി പേര് വിളിച്ചു ചെയ്ത കുറ്റവും അതിനുള്ള ശിക്ഷയും എല്ലാം അവിടെ നിന്ന പോലീസുകാരന്‍ തന്നെ പറഞ്ഞു .. ജഡ്ജി ഉറങ്ങുകയാണോ എന്നൊരു സംശയം എനിക്ക് ഉണ്ടായിരുന്നു ... തല കുലുക്കുന്നതല്ലാതെ മിണ്ടാന്‍ പാടില്ലെന്ന് ട്രെയിനില്‍ വച്ചു അണ്ണന്‍ പറഞ്ഞതുകൊണ്ട് ഞാന്‍ മിണ്ടാതെ നിന്നു ... അവസാനം ശിക്ഷ വന്നു .. നൂറ്റി എഴുപതു രൂപ ഫൈന്‍ ...!!! പച്ച തെറിയാണ് ആദ്യം വായില്‍ വന്നത് ... ഇതിനു വേണ്ടിയാണോ ഈശ്വരാ ഇത്രേം നാടകം നടത്തിയത് ..? ഫൈന്‍ അടച്ചു പുറത്തേക്കു ഇറങ്ങുന്നതിന്റെ തൊട്ടുമുന്‍പ് ആ പോലീസുകാരനോട്‌ ഇത്രമാത്രം ചോദിച്ചു .. " ഫോട്ടോ സെഷന്‍ ഒന്നും ഇല്ലേ സാര്‍ " .. അയാള്  ഒന്നും മിണ്ടിയില്ല എങ്കിലും എന്‍റെ അണ്ണന്‍ ബുഹഹുഹ്ഹുഹ്ഹ എന്ന് ചിരിച്ചു ... ഒന്ന് കയ്യില്‍ പിടിച്ചിട്ടു അയാള്  തിരക്കില്‍ എങ്ങോട്ടോ അലിഞ്ഞുപോയി ... എന്‍റെ അടുത്ത ഓട്ടം ആരംഭിക്കുകയാണ് , മണി മൂന്നാകുന്നു , ഓഫീസില്‍ ചെല്ലണം , കാര്യം പറയണം .. അടുത്ത ടിക്കറ്റ്‌ എടുത്തു തിരക്കില്ലാത്ത കമ്പാര്‍ട്ട്മെന്റില്‍ കയറി ... വണ്ടി വിട്ടപ്പോ വാതില്‍ക്കല്‍ ചാടിക്കേറിയ ഒരു പയ്യന്‍ എന്നെ കടുപ്പിച്ചൊന്നു നോക്കി .. ഒട്ടും മടിക്കാതെ നല്ല പച്ച മലയാളത്തില്‍ ഞാന്‍ ചോദിച്ചു ... എന്താടാ .. നീ ധാരാവി ധാരാവി എന്ന് കേട്ടിട്ടുണ്ടോ ..? എന്തേയ് ..??

2011, മാർച്ച് 3, വ്യാഴാഴ്‌ച

നിലാവിന്റെ നാട്ടില്‍ നിന്ന് .. നിനക്കായി ..


             ഇന്ന് ദിവസമെതാണ് .. പുലര്‍മഞ്ഞിന്റെ വിശുദ്ധി നിറുകില്‍ വീണതിന്റെ ഓര്‍മയോ .. ഇടനെഞ്ചില്‍ ചുട്ടുപൊള്ളുന്ന കണ്ണീര്‍ വീണതിന്റെ വേദനയോ .. എന്തുമാവട്ടെ ,എനിക്കിന്ന് വീണ്ടും ഇവിടേയ്ക്ക് വരേണ്ടി വന്നിരിക്കുന്നു .. ഒരിക്കല്‍ ഞാനുപേക്ഷിച്ചുപോയ കൂട്ടിലേയ്ക്ക്‌ , ഒരു നീര്‍ക്കുമിള പോലെ മിനുങ്ങുന്ന ഭൂമിയിലേക്ക്‌ .. ആകാശത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് , മിന്നിത്തെളിയുന്ന നക്ഷത്ര ലോകത്തുനിന്ന് ഞാന്‍ വരുന്നു .. നിനക്കായി മാത്രം ..!! നീയെന്നെ മറന്നിരിക്കില്ല .. വേര്‍പാടിന്റെ നിശ്വാസങ്ങളെ ഒരിക്കലും നീ മറവിയുടെ നിഴല്‍പ്പാടുകളിലേക്ക് മറച്ചിരുന്നില്ല .. ഒരിക്കല്‍ വലിച്ചെറിഞ്ഞ മയില്‍പ്പീലിയെ നെഞ്ചോടു ചേര്‍ക്കാന്‍ മാത്രമല്ല ഞാന്‍ വരുന്നത് .. ഒരു ചെറുകാറ്റായെങ്കിലും നിന്റെയരികില്‍ എത്താന്‍ .. നിന്‍റെ നിശബ്ദമായ വിതുമ്പലുകളിലേയ്ക്ക് എന്‍റെ ഗാനം നിറയ്ക്കാന്‍ .. എവിടെയോ കൈവിട്ട ഓര്‍മകളെ ചേര്‍ത്തുവയ്ക്കാന്‍ .. പിന്നെ .. പിന്നെ .. എന്തിനൊക്കെയോ ...!!
എവിടെയായിരുന്നു ഓര്‍മ്മകള്‍ പിരിഞ്ഞുപോയത് ..? എന്നുമുതലായിരുന്നു സ്വയം നഷ്ടമായിതുടങ്ങിയത് .. ?? സായംസന്ധ്യകളില്‍ സൌഹൃദങ്ങള്‍ പൂത്തുനിന്ന നാട്ടുവഴികളിലാവാം .. നിറങ്ങള്‍ നിറഞ്ഞൊഴുകിയ കലാലയങ്ങളിലാവം .. ഒന്ന് തീര്‍ച്ച , സ്വയം അലിഞ്ഞില്ലാതായത് നിന്‍റെ ഓര്‍മകളിലായിരുന്നു .. സ്വപ്‌നങ്ങള്‍ എരിഞ്ഞു തീര്‍ന്നത് എന്‍റെ ഹൃദയത്തിലായിരുന്നു .. എന്‍റെ നിറുകില്‍ വീണ മഴത്തുള്ളി നിന്‍റെ കണ്ണുനീരായിരുന്നു ...

           ആഘോഷമായിരുന്നു എല്ലാം .. എന്‍റെ ചിന്തകള്‍ ,  പൊട്ടിച്ചിരികള്‍ , നൊമ്പരങ്ങള്‍ .. അങ്ങനെ എല്ലാം .. കഥകള്‍ പറയുമായിരുന്നു .. ആകാശത്തോട് , നക്ഷത്രങ്ങളോട് .. വസന്തങ്ങളില്‍ നിലാവിനോടോത്ത് നടന്നിരുന്നു .. രാപ്പാടിയോടോത്ത് പാടിയിരുന്നു .. നുരയുന്ന ലഹരിയോടെ കായല്‍ക്കരയിലും കടല്‍തീരങ്ങളിലും തനിച്ചിരുന്നിരുന്നു .. കഥകള്‍ നിലച്ചതും പാട്ടു മറന്നതും അറിഞ്ഞുതുടങ്ങിയപ്പോള്‍ വൈകി ... നിലാവിനെ കടലെടുത്തു .. എന്‍റെ കിനാക്കളെ ആകാശവും .. ഇതിനിടയില്‍ നിന്നെ ഞാനെവിടെയാണ് കണ്ടത് .. കണ്ണുനീരിന്റെ നനവായല്ലേ .. ആത്മാവില്‍ നിറഞ്ഞ നന്മയായല്ലേ .. എന്‍റെ നിനവുകളിലെ ഗാനമായല്ലേ നീ എന്നെ ഉണര്‍ത്താന്‍ ശ്രമിച്ചത്‌ ...? വൈകിപ്പോയി ...!!

              അനിവാര്യമായ വിധി അഗ്നിയായ് പൊതിയുമ്പോള്‍ ഓര്‍മ്മകള്‍ എല്ലാം അലിഞ്ഞു പോവാന്‍ തുടങ്ങിയിരുന്നു .. ഏതോ കടല്‍ക്കരയില്‍ പണ്ടെന്നോ ഞാന്‍ കോറിയിട്ട വാക്കുകള്‍ തിരയില്‍ മാഞ്ഞു പോയതുപോലെ ..

" അന്തിത്തിരിയെരിയുമ്പോള്‍, നക്ഷമലരുകള്‍ വിരിയുമ്പോള്‍ വീണ്ടുമൊരുയാത്ര ..
ചപലമാം സ്വപ്നങ്ങളെ ഏകാന്തതയില്‍ ഉറങ്ങാന്‍ വിട്ട് .. കനലുകളണച്ച് ..
പോവട്ടെ ഞാന്‍ .. ആര്‍ദ്രമെന്‍ യാത്രാമൊഴി ... "

           പിന്നീടിന്നോളം ഞാന്‍ എവിടെയായിരുന്നു ..?? അനന്തമായ ആകാശത്തിനും മേലെ .. എന്നോടൊത്തു നടന്ന നക്ഷത്രങ്ങള്‍ക്കും മേലെ ഞാനുണ്ടായിരുന്നു .. പരമമായ സത്യത്തിന്റെ കിടക്കയില്‍ ഞാനുറങ്ങി ..വിളിച്ചാല്‍ വിളികേള്‍ക്കാത്ത ലോകങ്ങളില്‍ കടന്നുവന്ന് എന്നെ ഉണര്‍ത്തിയത് നിന്‍റെ പ്രാര്‍ത്ഥനകളായിരുന്നുവോ ...??

         എന്തുമാവട്ടെ ... ഞാന്‍ ആദ്യംതന്നെ പറഞ്ഞില്ലേ .. ആകാശത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് , മിന്നിത്തെളിയുന്ന നക്ഷത്ര ലോകത്തുനിന്ന് ഞാന്‍ വരുന്നു .. നിനക്കായി മാത്രം ... അഗ്നിയില്‍ ഉരുകിത്തെളിഞ്ഞ് .. നിന്‍റെ ഓര്‍മകളെ മയില്‍പ്പീലിയാക്കി നെഞ്ചോടുചേര്‍ത്ത്‌ .. നീ നടന്ന വഴികളില്‍ .. നിന്‍റെ പ്രാര്‍ഥനകളുടെ ഉണ്മ ചേര്‍ന്ന ദേവാലയങ്ങളില്‍ .. നിനക്കുള്ള മയില്‍പ്പീലിയുമായി ഞാന്‍ നിന്നെ തേടുന്നു .. ഇരുള്‍ നിറഞ്ഞ നിശ്വാസങ്ങളെയും , കുതിക്കുന്ന സമയത്തെയും പിന്നിലാക്കി , കൈക്കുമ്പിളില്‍ നിറനിലാവുമായി ഞാന്‍ വരുമ്പോള്‍ .. നീയെവിടെ .. നീയെവിടെ ..??


 
Arts
Blog Promotion By
INFUTION